കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍; ഗസ്സയില്‍ വ്യോമാക്രമണത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു, ലബനാനില്‍ 52 മരണം
വെള്ളിയാഴ്ച രാവിലെ ബെയ്‌റൂത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേല്‍ 10 റോക്കറ്റുകളെങ്കിലും തൊടുത്തുവിട്ടതായി റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു
തെല്‍ അവിവ്: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പായി അമേരിക്ക വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ ഗസ്സയിലും ലബനാനിലും നരനായാട്ട് തുടര്‍ന്ന് ഇസ്രായേല്‍. ഗസ്സയുടെ സെൻട്രൽ ഏരിയയിലെ ദെയ്ർ അൽ-ബലാഹ് നഗരത്തിലും നുസൈറാത്ത് ക്യാമ്പിലും അൽ-സവായ്ദ പട്ടണത്തിലും വെള്ളിയാഴ്ച രാാവിലെയും രാത്രിയുമായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ 68 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
നുസൈറാത്തിലെ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിന്‍റെ കവാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി അൽ-അവ്ദ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം, നുസൈറാത്തിൻ്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ഇസ്രായേലി ടാങ്കുകൾ പ്രത്യക്ഷപ്പെട്ടതായി താമസക്കാര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലും വടക്കൻ ജബാലിയ മേഖലയിലും സായുധ സംഘത്തെ സൈന്യം വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സെൻട്രൽ ഗസ്സയിൽ, വ്യാഴാഴ്ച ആരംഭിച്ച ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 25 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ബെയ്‌റൂത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേല്‍ 10 റോക്കറ്റുകളെങ്കിലും തൊടുത്തുവിട്ടതായി റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു കാലത്ത് ജനസാന്ദ്രത നിറഞ്ഞ ജില്ലയും ഹിസ്ബുല്ലയുടെ ശക്തികേന്ദ്രവുമായിരുന്നും ഇവിടം.
അതേസമയം വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന് മറുപടിയായി ശനിയാഴ്ച ലബനാന്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ അയച്ചു. ടിര നഗരത്തില്‍ ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തില്‍ 19 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. ലബാനനിൽ നിന്ന് മൂന്ന് പ്രൊജക്‌ടൈലുകൾ ഇസ്രായേലിലേക്ക് കടന്നതായും ചിലത് തടഞ്ഞതായും ഐഡിഎഫ് അവകാശപ്പെട്ടു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവീസ് അറിയിച്ചു. ആക്രമണത്തില്‍ ഒരു അപ്പാര്‍ട്ട്മെന്‍റിന് കേടുപാടുകള്‍ സംഭവിച്ചതിന്‍റെ ചിത്രവും മാഗന്‍ ഡേവിഡ് പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ അംഹാസ് പട്ടണത്തിൽ 12 പേരും കുറഞ്ഞത് ഒരു ഡസൻ ഗ്രാമങ്ങളിലായി 31 പേരും കൊല്ലപ്പെട്ടു, മൊത്തം മരണസംഖ്യ 52 ആയി, ആരോഗ്യ മന്ത്രാലയം അറിയിച്ചു.സ്‌ഫോടനത്തിൽ 72 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.
അമേരിക്കയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ആക്രമണം. ലബനാനിലും ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കാൻ ഊർജിത നീക്കം തുടരുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. യുഎസ് പ്രസിഡന്‍റ് നിയോഗിച്ച മക്ഗുർക്ക്, അമോസ് ഹോസ്റ്റിൻ എന്നിവർ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തി റിപ്പോർട്ട് കൈമാറി. ഇരുപക്ഷവുമായും ചർച്ച തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. ലബനാൻ ഏകപക്ഷീയമായ വെടിനിർത്തലിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടതായ റിപ്പോർട്ട് ശരിയല്ലെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
അതേസമയം വെടിനിർത്തലിൽ പ്രതീക്ഷയില്ലെന്നും ലബനാനിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നജിബ് മികാതി കുറ്റപ്പെടുത്തി. ഒരു മാസത്തെ താൽക്കാലിക വെടിനിർത്തലും ഏതാനും ബന്ദികളുടെ മോചനവും എന്ന പുതിയ നിർദേശം സ്വീകാര്യമല്ലെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് നേതാവ് സമി അബൂ സുഹ്രി പറഞു. ആക്രമണം നിർത്തി സൈന്യം പിൻവാങ്ങാതെ ചർച്ചക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗസ്സയിൽ സമ്പൂർണ അധിനിവേശം തുടരാനാണ് ഇസ്രായേൽ തീരുമാനമെന്ന് ധനമന്ത്രി സ്മോട്രിക് വ്യക്തമാക്കി.