അപമാനിക്കുന്നവര്‍ക്കുള്ള മറുപടി; സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഇമാനെയുടെ മേക്കോവർ -വീഡിയോ
ഒളിമ്പിക്സ് ബോക്‌സിങ്ങിൽ സ്വർണം നേടിയ ആദ്യ അൽജീരിയൻ വനിതയാണ് ഇമാനെ ഖെലീഫ്
അൾജിയേഴ്‌സ്: കൊടിയിറങ്ങിയ പാരീസ് ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യക്ക് വിധേയമായ താരമാണ് ഇമാനെ ഖെലീഫ്. ഒരുപക്ഷെ ലിംഗ വിവാദത്തിൽപ്പെട്ട് രൂക്ഷമായ സൈബർ ആക്രമണത്തിനിരയാവുകയും ചെയ്ത താരവും ഇമാനെ ഖെലീഫ് തന്നെയാകും. അൽജീരിയൻ ബോക്സറായ ഇമാനെ ഖെലീഫിന്റെ ജൻഡർ ഐഡന്‍റിറ്റിയായിരുന്നു ഏറ്റവും കൂടുതൽ ചർച്ചയായത്. എന്നാൽ എല്ലാ വിമർശനങ്ങൾക്കും സ്വർണം നേടി മറുപടി നൽകിയ താരം മറ്റൊരു മറുപടിയെന്നോണം പുതിയ മേക്കോവറുമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
ഹെയർ സ്‌റ്റൈൽ മാറ്റി പുതിയ ലുക്കിലുള്ള വിഡിയോ താരം സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് പങ്കുവെച്ചത്. പുത്തൻ മേക്കോവറിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം ലോകം ഏറ്റെടുത്തു കഴിഞ്ഞു. പാരീസ് ഒളിമ്പിക്സിൽ 66 കിലോഗ്രാം ബോക്‌സിങ് വെൽറ്റർവെയ്റ്റ് മത്സരത്തിൽ ചൈനീസ് താരം യാങ് ല്യുവിനെ തോൽപ്പിച്ച് ഗോൾഡ് മെഡൽ കരസ്ഥമാക്കിയെങ്കിലും മധുര വിജയത്തിന് പിന്നാലെ ഉയർന്നു വന്ന വിവാദങ്ങൾ അതിന്റെ തിളക്കം കുറയ്ക്കുകയായിരുന്നു. മത്സരം തുടങ്ങി 46 സെക്കന്റുകൾക്കുള്ളിൽ തന്നെ ഇറ്റാലിയൻ ബോക്സർ ഏഞ്ചല കരിനി ഇമാനെക്കെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറിയതോടെയിയിരുന്നു വിവാദങ്ങളുടെ തുടക്കം.
ഇമാനെ പുരുഷനാണെന്ന ആരോപണവുമായി ആദ്യമായി രംഗത്തെത്തിയത് ഏഞ്ചല കരിനിയായിരുന്നു. പിന്നാലെ ട്രാൻസ്ഫോബിക് കമന്റുകളിലൂടെ ഇമാനെയെ അപമാനിക്കുന്ന രീതിയിലേക്ക് ഒളിമ്പിക് വേദി മാറി. ഇമാനെയുടെ ശാരീരിക പ്രകൃതം പുരുഷന്റേതിന് സമാനമാണെന്ന രീതിയിലുള്ള അപമാനവും സമൂഹമാധ്യമങ്ങളിലൂടെ ഇമാനെയ്ക്ക് നേരിടേണ്ടി വന്നു.
ഇതിനെല്ലാമുള്ള മറുപടിയായാണ് തന്റെ പുതിയ മേക്ക് ഓവർ വീഡിയോയുമായി ഇമാനെ രംഗത്തെത്തിയിരിക്കുന്നത്. 'ബ്യൂട്ടി കോഡ്' എന്ന സ്ഥാപനവുമായി സഹകരിച്ച് നിർമിച്ച വിഡിയോയിൽ, ഹെയർസ്‌റ്റൈൽ മാറ്റത്തിനൊപ്പം കമ്മലണിഞ്ഞാണ് ഇമാനെ പ്രത്യക്ഷപ്പെടുന്നത്. വിടർത്തിയിട്ടിരിക്കുന്ന മുടിയും കമ്മലും, പിങ്ക് കുപ്പായവുമാണ് ഇമാനെയുടെ പുതിയ മേക്കൊവറിന്റെ ഹൈലൈറ്റ്. ഒളിമ്പിക്സ് മെഡലും ഇമാനെ വീഡിയോയിൽ അണിഞ്ഞിട്ടുണ്ട്. കൂട്ടമായി ആക്രമിക്കപ്പെട്ട താരത്തിന്റെ മധുര പ്രതികാരം. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇമാനെ വീഡിയോ പങ്കുവെച്ചത്. നിലവിൽ 2 കോടിയിലധികം ജനങ്ങളാണ് ഈ വീഡിയോ കണ്ടത്. 1.1 കോടി ജനങ്ങൾ എക്സിലൂടെയും വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം കാഴ്ചക്കാർ കൂടുന്നതിനനുസരിച്ച് വീഡിയോയുടെ കമന്റുകളും വർധിക്കുന്നുണ്ട്. ഇവയിൽ കൂടുതലും ജൻഡർ റോളുകളെ കുറിച്ചുള്ള കമന്റുകളാണ്.
''ഞാനൊരു സ്ത്രീയാണെന്ന് എനിക്ക് ഈ ലോകത്തോട് പറയണം. ഞാൻ സ്ത്രീയായി തന്നെ തുടരും,'' സ്വർണം നേടിയപ്പോൾ ലോകത്തോട് കണ്ണീരണിഞ്ഞ് ഇമാനെ പറഞ്ഞ വാക്കുകളാണിത്. അതേസമയം തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോൺ മസ്‌ക്, പ്രശസ്ത എഴുത്തുകാരി ജെകെ റൗളിങ്, യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഉൾപ്പെടെയുള്ളവർക്കെതിരെ ഇമാൻ നേരത്തെ പരാതി നൽകിയിരുന്നു. പാരീസ് ഒളിമ്പിക്സിന്റെ ഫൈനലിൽ ചൈനയുടെ യാങ് ലിയുവിനെ പരാജയപ്പെടുത്തി സ്വർണം നേടിയതോടെ ഒളിമ്പിക് ബോക്സിങ്ങിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അൽജീരിയൻ വനിതയായിരുന്നു ഇമാനെ.
ലിംഗ യോഗ്യത പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിന് തൊട്ടുമുമ്പായി ഇമാനെ വിലക്കിയിരുന്നു. രക്തത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.