തെഹ്‌റാനിൽനിന്ന് മക്രാനിലേക്ക് തലസ്ഥാനം മാറ്റാൻ ഇറാൻ; നീക്കത്തിനു പിന്നിലെന്ത്?
രണ്ടു നൂറ്റാണ്ടുമുൻപ് പഴയ പേർഷ്യൻ പ്രദേശങ്ങൾ ഭരിച്ച ഖജാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തെഹ്‌റാൻ
തെഹ്‌റാൻ: രാജ്യത്തെ ഏറ്റവും വലിയ നഗരമായ തെഹ്‌റാനിൽനിന്നു തലസ്ഥാനം മാറ്റാൻ ഇറാൻ ആലോചന തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടുണ്ട്. 1979ലെ ഇറാൻ വിപ്ലവം തൊട്ട് അത്തരം ചർച്ചകൾ ഭരണതലത്തിൽ നടക്കുന്നുണ്ട്. ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. ദക്ഷിണ മേഖലയിലുള്ള തീരനഗരമായ മക്രാനിലേക്ക് തലസ്ഥാനം മാറ്റുമെന്നാണു ഭരണകൂടത്തിന്റെ വക്താവ് ഫാത്തിമ മൊഹാജിറാനി അറിയിച്ചിരിക്കുന്നത്. പ്രഖ്യാപനം മസൂദ് പെസെഷ്‌കിയാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിനും രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിക്കഴിഞ്ഞിട്ടുണ്ട്.
രണ്ടു നൂറ്റാണ്ടുമുൻപ് പഴയ പേർഷ്യൻ പ്രദേശങ്ങൾ ഭരിച്ച ഖജാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തെഹ്‌റാൻ. ആദ്യത്തെ ഭരണാധികാരി ആഘ മുഹമ്മദ് ഖാൻ ആണ് വടക്കൻ ഇറാനിലുള്ള നഗരത്തെ തലസ്ഥാനമാക്കുന്നത്. വിപ്ലവത്തിനുശേഷം അധികാരത്തിലെത്തിയ പല ഭരണകൂടങ്ങളും പല കാരണങ്ങളാൽ തലസ്ഥാനം മാറ്റാൻ ആലോചിച്ചിരുന്നു. 2000ത്തിന്റെ തുടക്കത്തിൽ അന്നത്തെ മഹ്മൂദ് അഹ്മദി നജാദ് ഭരണകൂടമാണു പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
ഹസ്സൻ റൂഹാനിയുടെ കാലത്തും ഈ വഴിക്കുള്ള നടപടികൾ തുടർന്നു. 2015ൽ തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ടു പഠനം നടത്താൻ ഗതാഗത-നഗര വികസന മന്ത്രാലയത്തെ പാർലമെന്റ് ചുമതലപ്പെടുത്തി. ഷീറാസ്, ഇസ്ഫഹാൻ, ഹമദാൻ, ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള നഗരങ്ങൾ പുതിയ തലസ്ഥാനനഗരമായി നിർദേശിക്കപ്പെടുകയും ചെയ്തിരുന്നു.
പുതിയ പെസെഷ്‌കിയാൻ ഭരണകൂടം നീക്കം ത്വരിതഗതിയിലാക്കുകയും ആദ്യമായി മക്രാന്റെ പേരു പ്രഖ്യാപിക്കുകയും ചെയ്തതോടെയാണു തലസ്ഥാനമാറ്റം വലിയ ചർച്ചയായത്. പുതിയ തലസ്ഥാനം എന്തായാലും ദക്ഷിണ മേഖലയിലുള്ള മക്രാനിലായിരിക്കുമെന്നാണ് വക്താവ് മൊഹാജിറാനി വ്യക്തമാക്കിയത്. ഭരണതലത്തിലുള്ള മാറ്റങ്ങൾക്കായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മക്രാനിനെ തലസ്ഥാനമാക്കുന്നത് ഒരു ആശയം മാത്രമാണെന്നും ഇത്തരമൊരു നീക്കത്തിനുള്ള കാലാവധി നിശ്ചയിച്ചിട്ടില്ലെന്നുമാണ് പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ജാഫർ ഗായിംപനാഹ് അറിയിച്ചത്.
എന്തിനാണ് തലസ്ഥാനമാറ്റം?
തെഹ്‌റാനിൽനിന്നു തലസ്ഥാനം മാറ്റാൻ നിരവധി കാരണങ്ങൾ ഭരണകൂടങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളും ജനസംഖ്യാ പെരുക്കവും സുരക്ഷാ പ്രശ്‌നങ്ങളുമെല്ലാം അക്കൂട്ടത്തിലുണ്ട്. കൂട്ടത്തിൽ ഏറ്റവും സുപ്രധാനമായത് തെഹ്‌റാനിലെ രൂക്ഷമായ ജലദൗർബല്യവും ഊർജക്ഷാമവുമാണ്.
90 ലക്ഷത്തിനു മീതെയാണ് തെഹ്‌റാൻ നഗരത്തിലെ ജനസംഖ്യ. അടിസ്ഥാന സൗകര്യങ്ങളിലും ജല-ഊർജ സ്രോതസുകളിലും വലിയ പ്രതിസന്ധിയാണിതു സൃഷ്ടിക്കുന്നത്. കടുത്ത ജലക്ഷാമവും ഊർജ-വാതക പ്രതിസന്ധിയും നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനു പിറകെയാണ് നഗരത്തിലെ അതിരൂക്ഷമായ വായുമലിനീകരണം. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ മുൻപിലുണ്ട് തെഹ്‌റാൻ.
നഗരത്തിന്റെ ഭൂമിശാസ്ത്രവും വലിയൊരു പ്രശ്‌നമാണ്. ഭൂകമ്പത്തിന് കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് തെഹ്‌റാൻ. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ഭൂകമ്പ സാധ്യതാ മേഖലയും ഇവിടെയാണുള്ളത്. ചെറിയൊരു ഭൂചലനമുണ്ടായാൽ രാജ്യത്തെ രാഷ്ട്രീയ-ഭരണ-സാമ്പത്തിക ആസ്ഥാനങ്ങളും കാര്യാലയങ്ങളും തകർന്നടിയാൻ നിമിഷങ്ങൾ മാത്രം മതി.
തെഹ്‌റാനിലെ വിഭവങ്ങളും ചെലവുകളും തമ്മിലുള്ള അസന്തുലിതാവസ്ഥയും മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. തെക്കുനിന്ന് അസംസ്‌കൃത വസ്തുക്കൾ മധ്യഭാഗത്തേക്കു കൊണ്ടുപോയി സംസ്‌കരിച്ച ശേഷം കയറ്റുമതിക്കായി വീണ്ടും തെക്കൻ പ്രദേശങ്ങളിലേക്കു തന്നെ തിരിച്ചയയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയും നഷ്ടവും അമിത ചെലവുമാണുണ്ടാക്കുന്നത്. അതുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ തലസ്ഥാനം സമുദ്രത്തോട് കൂടുതൽ അടുത്തായി ദക്ഷിണ മേഖലയിലേക്കു മാറ്റണമെന്ന ആവശ്യം സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നതും അതു രാഷ്ട്രീയനേതൃത്വം ഏറ്റെടുക്കുന്നതും.
എന്തുകൊണ്ട് തെഹ്‌റാൻ മാറി, മാക്രാൻ?
ഒമാൻ ഉൾക്കടലിനോട് തൊട്ടുചേർന്നു സ്ഥിതി ചെയ്യുന്ന, സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലെ തീരനഗരമാണ് മക്രാൻ. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പ്രദേശത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. തെക്കൻ ഇറാനിൽനിന്ന് തെക്കുകിഴക്കൻ പാകിസ്താൻ അതിർത്തിവരെ 1,000 കി.മീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്ന തീരപ്രദേശമാണിത്. ഒരു ഭാഗത്ത് ഒമാൻ ഉൾക്കടലാണെങ്കിൽ മറ്റൊരറ്റത്ത് അറബിക്കടലിനോടും അതിരിട്ടാണ് നഗരം സ്ഥിതി ചെയ്യുന്നത്.
ഗ്വാട്ടർ, ജാസ്‌ക്, സിരിക് ഉൾപ്പെടെ നിരവധി ചെറിയ തുറമുഖങ്ങൾ പ്രദേശത്തുണ്ട്. ഇറാനിലെ ഏറ്റവും വലിയ തുറമുഖവും രാജ്യത്തെ ഒൻപത് സ്വതന്ത്ര വ്യാപാര മേഖലകളിൽ(എഫ്ഡിഇസെഡ്) ഒന്നുമായ ചബഹാറും സ്ഥിതി ചെയ്യുന്നത് മക്രാൻ തീരത്താണ്. ഇന്ത്യൻ സമുദ്രത്തോട് ചേർന്ന ഇറാനിലെ ഏക തുറമുഖമാണിത്. വാണിജ്യ-വ്യവസായതലത്തിൽ ഏറെ പ്രാധാന്യമുണ്ട് തുറമുഖത്തിന്.
തെഹ്‌റാനിൽനിന്നു വ്യത്യസ്തമായി മാക്രാനിലെ വിശാലമായ ജലസ്രോതസ് അനുകൂല ഘടകമാണ്. ഇതിലേറെ വലിയ വ്യാപാര സാധ്യതകളാണു നഗരം തുറന്നിടുന്നത്. ലോകത്തെ തന്നെ പ്രധാന സമുദ്ര വ്യാപാരപാതകളായ പേർഷ്യൻ, ഹോർമുസ്, ഒമാൻ ഉൾക്കടലുകളുമായും ഇന്ത്യൻ മഹാസമുദ്രവുമായും ചേർന്നുനിൽക്കുന്ന തീരപ്രദേശമാണെന്നതു തന്നെയാണ് ഏറ്റവും സുപ്രധാനമായ കാര്യം. അഫ്ഗാനിസ്താനുമായും പാകിസ്താനുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും തൊട്ടടുത്തു നിൽക്കുന്ന പ്രദേശം വഴി വിപുലമായ വ്യാപാര സാധ്യതകളാണു മുന്നിലുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കുമെല്ലാം തുറന്നുകിടക്കുന്ന സമുദ്രപാതകൾ മറ്റൊരു വശത്തുമുണ്ട്.
അതേസമയം, അവികസിതമായ പ്രദേശമാണെന്നതാണ് മക്രാനു മുന്നിലുള്ള വെല്ലുവിളി. ഭരണ-വാണിജ്യ കേന്ദ്രങ്ങളെല്ലാം മാറ്റിസ്ഥാപിക്കുന്നതിനു പുറമെ അടിസ്ഥാനതലത്തിൽ തന്നെ നഗരവികസനത്തിന് ഏറെക്കാലമെടുക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനായി ശതകോടികളാകും ചെലവിടേണ്ടിവരിക. ഇതിനു പുറമെ തെഹ്‌റാനിൽനിന്നു വ്യത്യസ്തമായി സമുദ്രം വഴിയുള്ള സുരക്ഷാ ഭീഷണികളും നിലനിൽക്കുന്നുണ്ടെന്ന കാര്യവും പദ്ധതിയുടെ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Summary: Why is Iran looking to change its capital from Tehran to Makran?