അന്ന് അഫ്ഗാനിലെ കേന്ദ്രമന്ത്രി, ഇന്ന് ഡെലിവറി ബോയ് !

അഴിമതിക്കാരനല്ലാത്തത് കൊണ്ടാണ് മന്ത്രിക്ക് ഇങ്ങനെ ജീവിക്കേണ്ടി വരുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ വന്ന കമന്‍റുകള്‍.

Update: 2021-08-22 15:40 GMT
Editor : Suhail | By : Web Desk
Advertising

സയ്യിദ് അഹ്മദ് ഷാ സാദത്ത് എന്ന പേര് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായത് 2017ല്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഒരു വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടപ്പോഴാണ്. ഇന്ത്യയുടെ അഫ്ഗാന്‍ അംബാസര്‍ മന്‍പ്രീത് വോറയുമായി കാബൂളില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയും നടത്തിയിരുന്നു. അഫ്ഗാനില്‍ കൂടുതല്‍ മൊബൈല്‍ നെറ്റ്‍വര്‍ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ആ ചര്‍ച്ച. ഇന്ത്യ വിക്ഷേപിച്ച സൗത്ത്‌ ഏഷ്യ ഉപഗ്രഹം ഉപയോഗിക്കാനുള്ള ഒരു ധാരണാപത്രവും സാദത്ത് അന്ന് ഒപ്പുവെച്ചിരുന്നു. ഇതിന് വേണ്ടി കാബൂളില്‍ ഒരു ഉപഗ്രഹ സ്റ്റേഷനും നിര്‍മിച്ചു.

എന്നാല്‍ സയ്യിദ് സാദത്ത് വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. അഫ്ഗാനിലെ കേന്ദ്രമന്ത്രിയായിരുന്ന സാദത്ത് ഇന്ന് ഫുഡ് ഡെലിവറി നടത്തി ജീവിക്കുകയാണ് എന്നുള്ള വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്.

2020ല്‍ താലിബാന്‍ അവരുടെ മുന്നേറ്റം തുടരുകയും, അമേരിക്ക പിന്‍വാങ്ങുകയും സര്‍ക്കാര്‍ വീഴുമെന്നുറപ്പാവുകയും ചെയ്തതോടെ വാര്‍ത്താവിനിമയ മന്ത്രിയായ സാദത്ത് രാജിവെച്ച് നാടുവിടുകയായിരുന്നു. തുടര്‍ന്ന് അഫ്ഗാന്‍ വിട്ട് ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടി. ഇന്ന് ജര്‍മനിയിലെ ലെയ്പ്സിഗ് നഗരത്തില്‍ ഫുഡ് ഡെലിവറി നടത്തിയാണ് സാദത്ത് ജീവിക്കുന്നത്. തുര്‍ക്കി ചാനലായ ടി.ആര്‍.ടിയുടെ റിപ്പോര്‍ട്ടര്‍ അലി ഓസ്കോക് ആണ് സയ്യിദ് സാദത്ത് ഫുഡ് ഡെലവറി നടത്തുന്ന ചിത്രം ട്വീറ്റ് ചെ്യതത്.

അഴിമതിക്കാരനല്ലാത്തത് കൊണ്ടാണ് സാദത്തിന് ഇങ്ങനെ ജീവിക്കേണ്ടി വരുന്നതെന്നാണ് ട്വീറ്റിന് അഫ്ഗാനികള്‍ കമന്‍റ് ചെയ്തത്. പൊതുജനങ്ങളുടെ പണം കൈക്കലാക്കാതെ അധ്വാനിച്ചു ജീവിക്കുന്ന അദ്ദേഹത്തിന് ആദരവര്‍പ്പിക്കുകയും ചെയ്തു ചിലര്‍.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News