ഫലസ്തീൻ മുൻ ഗ്രാൻഡ് മുഫ്തി ശൈഖ് ഇക്രിമ സാബ്രിയെ വീട്ടിൽനിന്ന് പുറത്താക്കി ഇസ്രായേൽ

അൽഅഖ്‌സ പള്ളി ഇമാമും ഫലസ്തീനിലെ സുപ്രിം ഇസ്‌ലാമിക് കൗൺസിൽ തലവനുമാണ് ശൈഖ് ഇക്രിമ സാബ്രി

Update: 2023-12-05 05:26 GMT
Editor : Shaheer | By : Web Desk

ശൈഖ് ഇക്രിമ സാബ്രി

Advertising

ജറൂസലം: അൽഅഖ്‌സ പള്ളി ഇമാമും ഫലസ്തീൻ മുൻ ഗ്രാൻഡ് മുഫ്തിയുമായ ശൈഖ് ഇക്രിമാ സാബ്രിക്കെതിരെയും ഇസ്രായേലിന്റെ പ്രതികാരനടപടി. അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ വസതിയിൽനിന്ന് സാബ്രിയെ ഇസ്രായേൽ പൊലീസ് ഒഴിപ്പിച്ചു. അദ്ദേഹത്തിന്റെ വസതി പൊളിച്ചുനീക്കാനും നീക്കംനടക്കുന്നതായി 'മിഡിലീസ്റ്റ് മോണിറ്റർ' റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പകലാണു വൻ പൊലീസ് സന്നാഹത്തോടെ ഇസ്രായേൽ അധികൃതർ സവാനിഹിലുള്ള ഇക്രിമ സാബ്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയത്. സാബ്രി താമസിക്കുന്ന വസതി ഉൾപ്പെടുന്ന കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് കെട്ടിടം പൊളിച്ചുനീക്കാനുള്ള അറിയിപ്പുമായി കെട്ടിടത്തിനു പുറത്ത് നോട്ടിസ് പതിക്കുകയും ചെയ്തു.

വർഷങ്ങൾക്കുമുൻപ് നിർമിച്ചതാണു കെട്ടിടമെന്നാണ് നാട്ടുകാർ പറയുന്നത്. നൂറിലേറെ ഫലസ്തീനികൾ താമസിക്കുന്ന 18ഓളം പാർപ്പിടങ്ങളും ഇവിടെയുണ്ട്. പുതിയ നടപടിയെക്കുറിച്ച് ഇസ്രായേൽ അധികൃതർ ഔദ്യോഗിക വിശദീകരണമൊന്നും പുറത്തിറക്കിയിട്ടില്ല. സാബ്രിയും ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

അന്താരാഷ്ട്രതലത്തൽ പ്രശസ്തനായ ഫലസ്തീൻ പണ്ഡിതനാണ് ശൈഖ് ഇക്രിമ സാബ്രി. ഫലസ്തീനിലെ സുപ്രിം ഇസ്‌ലാമിക് കൗൺസിൽ, ഹയർ ഇസ്‌ലാമിക് അതോറിറ്റി(ഔഖാഫ്) എന്നിവയുടെ തലവൻ കൂടിയാണ്. വർഷങ്ങളായി അൽഅഖ്‌സ പള്ളിയിലെ ഇമാമായി സേവനമനുഷ്ഠിച്ചുവരുന്നു. ഇതിനുമുൻപും സാബ്രിക്കെതിരെ ഇസ്രായേൽ നടപടികളുണ്ടായിട്ടുണ്ട്. ഇസ്രായേലിനെതിരെ ആക്രമണത്തിനു പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിനു നിരവധി തവണ അൽഅഖ്‌സയിൽ പ്രവേശനം വിലക്കിയിരുന്നു.

Summary: Al-Aqsa Imam and former Palestine grand mufti Sheikh Ekrima Sabri evicted by Israel forces, home faces demolition

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News