ജാഗ്രത പാലിക്കണം; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി മുന്നറിയിപ്പ്
രാജ്യത്തിനകത്തു തന്നെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിൽ കഴിയണമെന്നും നിർദേശമുണ്ട്.
ന്യൂഡൽഹി: ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയ്യയുടെയും ഹിസ്ബുല്ല നേതാവ് ഫുആദ് ഷുക്‌റിന്റെയും കൊലപാതകത്തിനു പിന്നാലെയുള്ള സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക ഭരണകൂടത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനുമാണ് ഇന്ത്യൻ എംബസിയുടെ നിർദേശം.
രാജ്യത്തിനകത്തു തന്നെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിൽ കഴിയണമെന്നും നിർദേശമുണ്ട്. നിലവിലെ സാഹചര്യങ്ങൾ എംബസി കൃത്യമായി നിരീക്ഷിക്കുകയും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയും ചെയ്യുന്നുണ്ട്. എന്തെങ്കിലും അടിയന്തര ആവശ്യമുണ്ടായാൽ എംബസിയുടെ 24X7 ഹെൽപ് ലൈനുമായി ബന്ധപ്പെടണമെന്നും എംബസി നിർദേശിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്‌റൂത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകിയതന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പ്. ഇന്ത്യൻ പൗരന്മാർ ലെബനൻ വിടാനും എംബസി നിർദേശിച്ചിരുന്നു.
ഇതിനിടെ, ഇസ്രയേലിലെ തെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ ആഗസ്റ്റ് എട്ടു വരെ എയർ ഇന്ത്യ നിർത്തിവച്ചു. നേരത്തെ, 40 രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് ഇസ്രായേൽ ഭരണകൂടം നിര്‍ദേശം നൽകിയിരുന്നു. ഏറിയും കുറഞ്ഞും സുരക്ഷാഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിയന്ത്രണമുള്ളത്.
സഞ്ചാരം അത്യാവശ്യമായി വന്നാൽ മുൻകരുതൽ സ്വീകരിക്കണമെന്നും ജൂത-ഇസ്രായേൽ വ്യക്തിത്വമുള്ള ഒരടയാളവും പ്രദർശിപ്പിക്കരുത് എന്നും സർക്കാർ ആവശ്യപ്പെട്ടു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെയാണ് ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.
ഇസ്മായിൽ ഹനിയ്യയുടെയും ഹിസ്ബുല്ല സ്ട്രാറ്റജിക് യൂണിറ്റ് തലവൻ ഫുആദ് ഷുക്‌റിന്റെയും കൊലപാതകത്തിന് പ്രതികാരം വീട്ടുമെന്ന് ഇറാൻ, ഹിസ്ബുല്ല, ഹമാസ് എന്നിവർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിൽ ജാഗ്രതയോടെ ഇരിക്കണമെന്നും വ്യക്തിത്വം പ്രദർശിപ്പിക്കരുതെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് ഫുആദ് ഷുക്‌റിനെ ഇസ്രായേൽ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് ശേഷം ബുധനാഴ്ച പുലർച്ചെ ഹനിയ്യയെയും വകവരുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്‌റാനിലെത്തിയ വേളയിലാണ് ഹനിയ്യയെ കൊലപ്പെടുത്തിയത്. ഹനിയ്യയെ സയണിസ്റ്റുകൾ ചതിപ്രയോഗം നടത്തി ക്രൂരമായികൊന്നു എന്നാണ് ഹമാസ് പ്രതികരിച്ചത്.
അതിനിടെ, ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേരെ ഇറാൻ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ തെഹ്‌റാനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരും സൈനികരും അറസ്റ്റിലായവരിൽ ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹനിയ്യയെ കൊലപ്പെടുത്താൻ ഇറാൻ റവല്യൂഷണറി ഗാർഡുകളെ മൊസാദ് വിലയ്‌ക്കെടുത്തതായി കഴിഞ്ഞദിവസം ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.