കാബൂൾ വിമാനത്താവളത്തിൽ ഇനിയും ഭീകരാക്രമണങ്ങളുണ്ടായേക്കാമെന്ന് അമേരിക്ക
റോക്കറ്റ് വഴിയോ ചാവേറായോ ഐഎസ്.ഖുറാസാൻ വിഭാഗം ഇനിയും വിമാനത്താവളത്തിൽ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.
കാബൂൾ വിമാനത്താവളത്തിൽ ഇനിയും ഭീകരാക്രമണങ്ങളുണ്ടായേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇന്നലെ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 110ആയി. ആക്രമണം നടത്തിയ ഐഎസ്-കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
റോക്കറ്റ് വഴിയോ ചാവേറായോ ഐഎസ്.ഖുറാസാൻ വിഭാഗം ഇനിയും വിമാനത്താവളത്തിൽ ആക്രമണം നടത്തുമെന്നാണ് അഫ്ഗാനിലെ യുഎസ് ദൗത്യത്തിന്‍റെ തലവനായ ജനറൽ ഫ്രാങ്ക് മെക്കൻസിയുടെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനിൽ ഇന്നലെയുണ്ടായ ഇരട്ടസ്ഫോടനത്തിൽ 110 പേരാണ് മരിച്ചത്. ഇതിൽ 13 പേർ അമേരിക്കൻ ഉദ്യോഗസ്ഥരാണ്. 140ലധികം പേർക്ക് പരിക്കേറ്റു.
ഐഎസിന്‍റെ പ്രാദേശിക ഘടകമായ ഐസ്-കെ അഥവാ ഐഎസ് ഖുറാസാൻ ആണ് ആക്രമണത്തിനു പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.. ഐഎസ്-കെയുടെ നേതാക്കളെ വരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചോദിക്കും. ഒന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നും കണക്കു ചോദിക്കുമെന്നും ബൈഡൻ പറഞ്ഞു
ആക്രമണത്തെ താലിബാനും അപലപിച്ചു. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.