തടവറയിലും ഇനിയങ്ങോട്ടും ആനിനൊപ്പം: ആൻ ഫ്രാങ്കിന്റെ ഉറ്റ സുഹൃത്ത് ഹന്ന ഗോസ്ലർ അന്തരിച്ചു
ബെർഗൻ-ബെൽസണിലെത്തിയ ആൻ തന്നെ ആദ്യമായി കണ്ടപ്പോൾ വിതുമ്പിക്കരഞ്ഞുവെന്ന് ഹന്ന വെളിപ്പെടുത്തിയിട്ടുണ്ട്
ഹേഗ്: ആൻ ഫ്രാങ്കിന്റെ ഉറ്റ സുഹൃത്ത് ഹന്ന ഗോസ്ലർ(93) അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മരണ വിവരം ആൻ ഫ്രാങ്ക് ഫൗണ്ടേഷൻ സ്ഥിരീകരിച്ചു.
ആൻ ഫ്രാങ്കിനൊപ്പം കിന്റർഗാർട്ടൺ മുതൽ ഒന്നിച്ച് പഠിച്ച സുഹൃത്താണ് ഹന്ന. ഹന്നയെക്കുറിച്ച് തന്റെ ഡയറിയിലും ആൻ പ്രതിപാദിച്ചിട്ടുണ്ട്. 1942ൽ ഫ്രാങ്ക് കുടുംബം ഒളിവിൽ പോയതിൽ പിന്നെ കോൺസൻട്രേഷൻ ക്യാംപിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഫ്രാങ്ക് കുടുംബത്തെ ഗസ്റ്റപ്പോകൾ പിടികൂടുന്നതിന് ഒരു വർഷം മുമ്പ് 1943ൽ ഗോസ്ലർ കുടുംബം നാസികളുടെ പിടിയിലായിരുന്നു.
1945ൽ ബെർഗൻ-ബെൽസണിലെത്തിയ ആൻ തന്നെ ആദ്യമായി കണ്ടപ്പോൾ വിതുമ്പിക്കരഞ്ഞുവെന്ന് ഹന്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം തന്നെ ടൈഫസ് ബാധിച്ച് ആൻ മരണമടഞ്ഞു. പിന്നീട് സോവിയറ്റ് യൂണിയൻ ക്യാംപിലുള്ളവരെ മോചിപ്പിക്കുമ്പോൾ ഹന്നയും സഹോദരിയും ആ കൂട്ടത്തിലുണ്ടായിരുന്നു.
തടവറയിൽ നിന്ന് മോചനം നേടിയ ശേഷം ഹന്ന ജറുസലേമിലേക്ക് കുടിയേറി. വാൾട്ടർ പിക്ക് എന്നയാളുമായി പിന്നീട് വിവാഹം. മൂന്ന് മക്കളും പതിനൊന്ന് കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി തന്റെ കുടുംബം ചൂണ്ടിക്കാട്ടി ഇതാണ് ഹിറ്റ്‌ലറിനുള്ള മറുപടി എന്ന് ഹന്ന പറയാറുണ്ടായിരുന്നു. അവസാന ഡയറിക്കുറിപ്പിന് ശേഷം തനിക്കും ആനിനും എന്ത് സംഭവിച്ചുവെന്ന് ലോകം അറിയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ഹന്ന.