അഴിമതിക്കേസ്; ഖാലിദ സിയയെ കുറ്റവിമുക്തയാക്കി ബംഗ്ലാദേശ് സുപ്രിംകോടതി
ഹൈക്കോടതി ഉത്തരവിനെതിരെ ഖാലിദ സമർപ്പിച്ച ഹരജിയിലാണ് വിധി
ധാക്ക: അഴിമതിക്കേസിൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്‌സണുമായ ഖാലിദ സിയയെ കുറ്റവിമുക്തയാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ഖാലിദ സമർപ്പിച്ച ഹരജിയിൽ ബംഗ്ലാദേശ് സുപ്രിംകോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡോ. സയ്യിദ് റഫാത്ത് അഹമ്മദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രതികാരബുദ്ധിയോടു കൂടിയാണ് കേസെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സിയ ഓർഫനേജ് ട്രസ്റ്റ് അഴിമതി കേസിലാണ് ഖാലിദ സിയ, പാർട്ടിയുടെ ആക്ടിങ് ചെയർമാൻ താരിഖ് റഹ്മാൻ, തുടങ്ങി എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. ധാക്ക ട്രിബ്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സിയ ഓർഫനേജ് ട്രസ്റ്റിന്റെ പേരിൽ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2018 ഫെബ്രുവരിയിലാണ് സിയയെ പ്രത്യേക കോടതി അഞ്ച് വർഷം തടവിന് ശിക്ഷിക്കുന്നത്. സിയയുടെ മകൻ താരിഖ്, മുൻ ചീഫ് സെക്രട്ടറി കമാൽ ഉദ്ദീൻ സിദ്ദിഖി എന്നിവരുൾപ്പെടെയുള്ള മറ്റു അഞ്ച് പ്രതികൾക്ക് 10 വർഷം കഠിനതടവും കോടതി വിധിച്ചു. ഇതിൽ താരിഖ്, സിദ്ദിഖി, മോമിനുർ റഹ്മാൻ തുടങ്ങിയ പ്രതികൾ ഒളിവിലാണ്. പ്രത്യേക കോടതി വിധിക്കെതിരെ ഖാലിദ സിയ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ശിക്ഷാവിധി 10 വർഷമായി ഉയർത്തി. ഇതിനെതിരെയാണ് സിയ സുപ്രിംകോടതിയെ സമീപിച്ചത്.
വർഷങ്ങളോളം നീണ്ട കാലതാമസത്തിന് ശേഷം 2024 നവംബർ 11നാണ് കോടതി ഖാലിദയുടെ ഹരജി അഗീകരിച്ചത്. അന്തിമ വാദം കേൾക്കുന്നത് വരെ ഹൈക്കോടതിയുടെ 10 വർഷത്തെ തടവ് ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തു. അസുഖബാധിതയായ സിയ ഈ മാസം ആദ്യം വൈദ്യചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി. 1991 മുതൽ 1996 വരെയും 2001ൽ മുതൽ 2006 വരെയും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു.