പട്ടാള ഭരണ പ്രഖ്യാപനം; ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് അറസ്റ്റിൽ, വാറന്റ് നടപ്പാക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥർ

പട്ടാളനിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദക്ഷിണ കൊറിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ്.

Update: 2025-01-15 03:21 GMT
Editor : rishad | By : Web Desk
Advertising

സോള്‍: ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് അറസ്റ്റിൽ. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സൂക് യോളിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കലാപത്തിന് നേതൃത്വം നൽകിയെന്ന കുറ്റം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.

പട്ടാളനിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദക്ഷിണ കൊറിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ്.

ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണു യൂനിനെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. വസതിക്കു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു. ജനുവരി 3ന് യൂനിനെ അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.

അന്ന് അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേർന്നു തടഞ്ഞു. പ്രസിഡന്റിന്റെ വസതിക്കു ചുറ്റും യൂനിന്റെ അനുയായികൾ തടിച്ചുകൂടിയതോടെ 6 മണിക്കൂറോളം നീണ്ട സംഘർഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥർ മടങ്ങിപ്പോയിരുന്നു.

പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ദക്ഷിണ കൊറിയൻ പ്രസിഡൻറായിരുന്ന യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. പാർലമെന്റില്‍ എംപിമാർ പ്രസിഡന്റിനെ ഇംപിച്ച് ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോൾ 204 എംപിമാരാണ് അനുകൂലിച്ചത്. 85 എംപിമാർ എതിർത്തു. ഇതോടെ സൂക് യോളിന്റെ എല്ലാ പ്രസിഡൻഷ്യൽ അധികാരങ്ങളും റദ്ദ് ചെയ്യപ്പെട്ടു. ഡിസംബർ മൂന്നിനാണ് ദക്ഷിണകൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്.

എന്നാൽ പാർലമെൻ്റിലും തെരുവിലും കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡൻ്റ് നിർബന്ധിതനാവുകയായിരുന്നു. ഇതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡൻ്റിനെതിരെ നിയമമന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്ന് വിലയിരുത്തിയ ഡിസ്ട്രിക്ട് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News