യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോ ബൈഡൻ പിന്മാറി

മത്സരിക്കരുതെന്ന സമ്മർദം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കെയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്

Update: 2024-07-21 18:26 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍നിന്ന് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി.

മത്സരിക്കരുതെന്ന സമ്മർദം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കെയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബൈഡൻ പിൻമാറുന്നതായി അറിയിച്ചത്. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

യു.എസ് തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. അദ്ദേഹത്തിന് ഓര്‍മ്മക്കുറവും അനാരോഗ്യവും അലട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2025 ജനുവരിയിൽ തൻ്റെ കാലാവധി അവസാനിക്കുന്നതുവരെ പ്രസിഡൻ്റും കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിലും താൻ തുടരുമെന്നും ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

"നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാല്‍ മാറിനില്‍ക്കുന്നതാണ് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താല്‍പര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ചുമതലകൾ നിറവേറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും''-ബൈഡന്‍ വ്യക്തമാക്കി.

ബൈഡന്‍ പിന്മാറിയത് നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സാധ്യതകളും ശക്തമാക്കി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News