പൂച്ച കടിച്ചുകൊണ്ടു വന്ന കവറിൽ ചീങ്കണ്ണിയുടെ തല; തുറന്നു നോക്കിയ വീട്ടുടമ ഇറങ്ങിയോടി
മൂന്നടി നീളമുള്ള ചീങ്കണ്ണിയുടെ തലയാണ് ലഭിച്ചത്
വീട്ടിലൊരു വളർത്ത പൂച്ചയുണ്ടെങ്കിൽ അതെന്തൊക്കെ തരത്തിലുള്ള വസ്തുക്കൾ കടിച്ചു കൊണ്ടുവരും? മീൻ തലയോ, ചില ജീവികളുടെ അവശിഷ്ടങ്ങളോ അങ്ങനെ പലതും കൊണ്ടു വരുന്നത് നാം കാണാറുണ്ട്. എന്നാൽ ഒരു വലിയ ചീങ്കണ്ണിയുടെ തല കടിച്ചുകൊണ്ടു വന്നാൽ ആരായാലും ഒന്ന് ഞെട്ടും.
അമേരിക്കയിലെ വിസ്‌കോൺസിനിലാണ് സംഭവം. വിൻഡി വീസ്ഹ്യൂഗൽ എന്ന സ്ത്രീയുടെ പൂച്ച ഒരു കവർ കഷ്ടപ്പെട്ട് കടിച്ചുകൊണ്ട് വരുന്നത് കണ്ടപ്പോൾ അതിൽ എന്താണെന്നറിയാൻ വേണ്ടി തുറന്ന അവർ ഞെട്ടി. കവറിൽ വലിയൊരു ചീങ്കണ്ണിയുടെ തല. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ ചീങ്കണ്ണിയുടെ സാന്നിധ്യം ഒട്ടുമില്ലാത്ത പ്രദേശത്ത് നിന്നാണ് പൂച്ചക്ക് ഈ തല കിട്ടിയത് എന്നതാണ് പ്രധാനം. ഇത് വീട്ടുകാരെ മാത്രമല്ല വനം വകുപ്പ് ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഏറെ പ്രയാസപ്പെട്ട് പൂച്ച കൊണ്ടു വരുന്ന സാധനം എന്താണെന്ന് പരിശോധിക്കാൻ പോയപ്പോള്‍ ചീങ്കണ്ണിത്തല കണ്ട് താൻ ഞെട്ടി പുറത്തോട്ടേക്ക് ഓടി എന്ന് വിൻഡി പറയുന്നു. ആദ്യം അത് ഒരു മത്സ്യമോ ഉണക്ക മത്സ്യമോ ആയിരിക്കുമെന്നാണ് താൻ കരുതിയതെന്നും അവർ പറഞ്ഞു.
വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, മൂന്നടി നീളമുള്ള ചീങ്കണ്ണിയുടെ തലയാണ് ലഭിച്ചതെന്ന് വ്യക്തമായി. ആരെങ്കിലും വളർത്തിയ ചിങ്കണ്ണിയുടെ തലയായിരിക്കാം ഇതെന്നാണ് വനംവകുപ്പിന്റെ നിഗമനം.