പൂൾഗെയിമിൽ തോറ്റു; കളിയാക്കി ചിരിച്ചതിന് ഏഴ് പേരെ വെടിവച്ച് കൊന്ന് യുവാക്കൾ

ചിലർ ജീവനും കൊണ്ട് ഇറങ്ങിയോടിയെങ്കിലും എഡ്ഗർ ഇവരേയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.

Update: 2023-02-23 12:18 GMT
Advertising

ബ്രസീലിയ: കളിയിൽ തോറ്റപ്പോൾ കളിയാക്കി ചിരിച്ചതിന് ഏഴ് പേരെ നിഷ്‌കരുണം വെടിവച്ച് കൊന്ന് യുവാക്കൾ. പൂൾ കളിയിൽ തോറ്റതിനു പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ബ്രസീലിലെ മാറ്റോഗ്രോസോ സ്റ്റേറ്റിലെ സിനോപ്പിലാണ് 12കാരിയായ പെൺകുട്ടി ഉൾപ്പെടെ ഏഴ് ആളുകളെ വെടിവച്ച് കൊന്നത്.

എഡ്ഗർ റിച്ചാർഡോ ഡെ ഒലിവേയ്‌റ, സുഹൃത്തായ എസെക്വയ്‌സ് സൗസ റിബെയ്‌റോ എന്നിവരാണ് കൂട്ടക്കൊല നടത്തിയത്. 30കാരനായ എഡ്ഗറിന്റെ കൈയിൽ വലിയ തോക്കും എസെക്വിയാസിന്റെ കൈയിൽ പിസ്റ്റളുമാണുണ്ടായിരുന്നത്. തോക്കുമായെത്തി ഇരുവരും അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുന്നതും കാറിൽ കയറി രക്ഷപെടുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച നടന്ന കളിയിൽ എഡ്ഗർ പരാജയപ്പെടുകയും പണം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സുഹൃത്തിനെയും കൂട്ടി വീണ്ടുമെത്തി വെല്ലുവിളിച്ചെങ്കിലും രണ്ടാമത്തെ കളിയിലും ഇയാൾ തോറ്റു. ഇതോടെ ജയിച്ചയാളുൾപ്പെടെ അവിടെയുണ്ടായിരുന്നവർ ഇവരെ നോക്കി കളിയാക്കി ചിരിക്കുകയായിരുന്നു. ഇത് എഡ്ഗറിനെ പ്രകോപിപ്പിച്ചു.

ഉടൻ വാഹനത്തിൽ നിന്ന് ഒരു തോക്കെടുത്ത് വരികയും ഈ സമയം പിസ്റ്റൾ ചൂണ്ടി എസെക്വിയാസ് അവിടുള്ളവരെ പേടിപ്പിച്ച് മതിലിനോട് ചേർത്ത് നിരത്തി നിർത്തുകയും ചെയ്തു. തുടർന്ന് എഡ്ഗറെത്തി ഓരോരുത്തർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ഒപ്പം എസെക്വിയാസും വെടിയുർത്തു.

ചിലർ ജീവനും കൊണ്ട് ഇറങ്ങിയോടിയെങ്കിലും എഡ്ഗർ ഇവരേയും വെടിവച്ച് വീഴ്ത്തുകയായിരുന്നു. ശേഷം ഇരുവരും ഹാളിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എഡ്ഗറിനെ തോൽപ്പിച്ചയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആറ് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 

ലാറിസ ഫ്രാസാവോ ഡി അൽമേഡ, ഒറിസ്‌ബെർട്ടോ പെരേര സൗസ, അഡ്രിയാനോ ബാൽബിനോട്ട്, ഗെറ്റുലിയോ റോഡ്രിഗസ് ഫ്രാസോ ജൂനിയർ, ജോസ്യു റാമോസ് ടെനോറിയോ, പൂൾ ഹാൾ ഉടമ മസിയേൽ ബ്രൂണോ ഡി ആൻഡ്രേഡ് കോസ്റ്റ, എലിസ്യൂ സാന്റോസ് ഡ സിൽവയാണ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News