ചൈനയിലെ ദാരിദ്ര്യത്തെ കുറിച്ച് ഇനി ആരും മിണ്ടരുത്; ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്ത് അധികൃതർ
പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ തുടങ്ങിയവരുടെ ഏതെങ്കിലും തരത്തിലുള്ള ദുരിതം ചിത്രീകരിക്കുന്ന വീഡിയോകൾക്കും നിരോധനം ഏർപ്പെടുത്തി
ബെയ്ജിങ്: ചൈനയിലെ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്ത് അധികൃതർ. ഇത്തരം വീഡിയോകൾ വൈറലായതിനെ തുടർന്ന് ഷെയർ ചെയ്ത അക്കൗണ്ടുകളടക്കം നീക്കം ചെയ്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. രാജ്യം ദാരിദ്ര്യത്തിനെതിരായ സമഗ്ര വിജയം നേടിയെന്നാണ് പ്രസിഡന്റ് ഷി ജിൻപിങിന്റെ അവകാശവാദം. എന്നാൽ വസ്തുത അതല്ല എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
പെൻഷനായി ലഭിക്കുന്ന 1182 രൂപയ്ക്ക് (100 യുവാൻ) എന്തൊക്കെ തരത്തിലുള്ള പലചരക്ക് സാധനങ്ങളാണ് വാങ്ങാൻ കഴിയുക എന്ന് ഒരു വൃദ്ധ വ്യക്തമാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇത്തരം വീഡിയോകൾ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ ചൈനയിലെ ദാരിദ്ര്യം വ്യക്തമാക്കുന്ന ഒരു ഗായകന്റെ പാട്ടും അദ്ദേഹത്തിന്‍റെ സോഷ്യൽമീഡിയ അക്കൗണ്ടും മരവിപ്പിച്ചു. ഞാൻ എന്റെ മുഖം എന്നും വ്യത്തിയാക്കാറുണ്ടെന്നും എന്നാൽ അതിനേക്കാൾ വൃത്തി എന്റെ പോക്കറ്റിനാണെന്നുമാണ് പാട്ടിലുള്ളത്. പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ തുടങ്ങിയവരുടെ ഏതെങ്കിലും തരത്തിലുള്ള ദുരിതം ചിത്രീകരിക്കുന്ന വീഡിയോകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.