'ട്രംപിനെ വധിക്കാൻ പദ്ധതിയില്ല'; അമേരിക്കയോട് ഇറാൻ
ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് യുഎസ് പറഞ്ഞിരുന്നു
വാഷ്ങ്ടൺ ഡി.സി: തെരഞ്ഞെടുപ്പ് സമയത്ത് ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്താൻ ഒരു ഉദ്ദേശ്യവുമില്ലായിരുന്നെന്ന് ഇറാൻ അമേരിക്കയോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് ഒക്ടോബർ 14നാണ് ഇറാൻ അമേരിക്കയോട് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ കൊലപ്പെടുത്താൻ ഇറാൻ പദ്ധതിയിടുന്നതായി യുഎസിന് തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരം ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ സെപ്തംബറിൽ അമേരിക്ക ഇറാന് അതീവരഹസ്യമായി ട്രംപിന്റെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകി, പിന്നാലെ തങ്ങൾക്ക് ട്രംപിനെതിരെ ഒരാക്രമണം നടത്താനും പദ്ധതിയില്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. റിപബ്ലിക്കൻ സ്ഥാനാർഥി ട്രംപിനെതിരായ ഏത് ആക്രമണവും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കുമെന്നായിരുന്നു ബൈഡൻ ഭരണകൂടം ഇറാന് നൽകിയ മുന്നറിയിപ്പ്.
നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ ട്രംപുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഇറാൻ ഭരണകൂടത്തോട് രാജ്യത്തെ അന്താരാഷ്ട്ര വിദഗ്ധരും നയതന്ത്രജ്ഞരും അഭിപ്രായപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ഇറാനെതിരെ സമ്മർദം ശക്തമാക്കണമെന്ന് ട്രംപ് അനുകൂലികൾ ശക്തമായി ആവശ്യപ്പെടുന്ന അവസരത്തിൽ ഇറാൻ ട്രംപിനെതിരായ നിലപാട് മയപ്പെടുത്തുമെന്നാണ് നിഗമനം.
2020ൽ ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ മരണത്തിന് കാരണായ ഡ്രോൺ ആക്രമണത്തിന് ഉത്തരവിട്ട അന്നത്തെ യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രതികാരനടപടിയെന്നോണം വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി യുഎസ് അധികൃതർ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ട്രംപിനെതിരായ ഇറാനിയൻ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ട് കുറ്റപത്രങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ട്രംപിന് പുറമെ ട്രംപ് ഭരണകൂടത്തിലെ മറ്റ് പ്രമുഖരെ വധിക്കാനും ഇറാൻ ഗൂഢാലോചന നടത്തിയെന്ന് രഹസ്യാന്വേഷണവിഭാഗം ആരോപിച്ചിരുന്നു.
ട്രംപിനെ വധിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് പറഞ്ഞ വന്ന കത്ത് ഒരു ഇറാൻ സൈനിക ഉദ്യോഗസ്ഥനിൽ നിന്ന് വന്നതല്ല മറിച്ച് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേരിട്ടയച്ചതാണെന്നും അവകാശവാദമുണ്ട്.
എന്നാൽ ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധികൾ അമേരിക്കയുടെ വാദത്തോട് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ നീതിന്യായപരമായ വഴികളിലൂടെ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ നീതി തേടാൻ ഇറാൻ പ്രതജ്ഞാബദ്ധമാണെന്ന് പ്രതിനിധികൾ പ്രസ്താവനയിറക്കി.
തങ്ങൾക്കെതിരെ യുഎസ് അധികൃതർ ഉയർത്തിയ വാദം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചത്.
അമേരിക്കൻ രാഷ്ട്രീയപ്രവർത്തകരെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസ് ചുമത്തി ഇറാൻ സന്ദർശിച്ച ഒരു പാകിസ്താൻ പൗരനെ ഈ വർഷം ജൂലൈയിൽ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പട്ടികയിൽ ട്രംപിന്റെ പേരും ഉണ്ടായിരുന്നെന്നാണ് അധികൃതരുടെ വാദം.
ജൂലൈയിൽ ട്രംപിനെതിരെ വന്ന വധശ്രമത്തിന് പിന്നാലെ റിപബ്ലിക്കൻ സ്ഥാനാർഥിക്ക് അതീവ സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരുന്നത്. ട്രംപിന്റെ സംരക്ഷണത്തിനായി കൗണ്ടർ സ്‌നൈപ്പർ ടീമുകളെയും സജ്ജീകരിച്ചിരുന്നു.
ട്രംപിനെ വധിക്കുക വളരെ ബുദ്ധിമുട്ടായ ലക്ഷ്യമായി ഇറാൻ കണക്കാക്കിയിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നുണ്ട്. എന്നാൽ ട്രംപിന് നേരെ ഫ്‌ലോറിഡയിൽ വച്ച് നടന്ന വധശ്രമത്തിന് പിന്നാലെ ഇറാൻ പ്രതികാരത്തിൽ കൂടുതൽ ആത്മവിശ്വാസം കൈവന്നതായും രഹസ്യാന്വേഷണ ഏജൻസി പറയുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് അനുകൂലിയായ ഇലോൺ മസ്‌ക് ഐക്യരാഷ്ട്ര സഭയിലെ ഇറാൻ പ്രതിനിധിയെ കണ്ടതായും, രാജ്യവുമായുള്ള പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിനായി ന്യൂയോർക്കിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ ഇറാൻ മസ്‌കിനോട് ആവശ്യപ്പെട്ടതായും മസ്‌ക് അത് നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.