എച്ച് 3എന്‍ 8 പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ള്യൂ.എച്ച്.ഒ

കഴിഞ്ഞ വര്‍ഷമാണ് ആദ്യത്തെ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്

Update: 2023-04-12 08:10 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ബെയ്ജിംഗ്: എച്ച് 3എന്‍ 8 പക്ഷിപ്പനി ബാധിച്ച് ആദ്യമരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ നിന്നുള്ള 56 കാരിയായ സ്ത്രീയാണ് മരിച്ചത്. ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച് 3 എൻ 8 ഉപവിഭാഗം ബാധിച്ച മൂന്നാമത്തെയാളാണ് മരിച്ച സ്ത്രീയെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ആദ്യത്തെ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ഗ്വാങ്‌ഡോംഗ് പ്രൊവിൻഷ്യൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ മാസം അവസാനം മൂന്നാമത്തെ അണുബാധ റിപ്പോർട്ട് ചെയ്തെങ്കിലും സ്ത്രീയുടെ മരണത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. രോഗിയായ സ്ത്രീ കോഴികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിക്കുന്നതിനു മുന്‍പ് സ്ത്രീ സന്ദര്‍ശിച്ച മാർക്കറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇൻഫ്ലുവൻസ എ (എച്ച് 3) ന് പോസിറ്റീവ് ആയിരുന്നു. ഇതായിരിക്കും അണുബാധയുടെ ഉറവിടമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗബാധിതയായ സ്ത്രീയുമായി അടുത്ത ബന്ധമുള്ളവരിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എച്ച് 3എന്‍ 8 മനുഷ്യരിലേക്ക് പടരുന്നത് അപൂര്‍വമാണെങ്കിലും പക്ഷികളില്‍ ഇത് സാധാരണമാണ്.മറ്റ് സസ്തനികളെയും ഇത് ബാധിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News