'സ്ത്രീയുടെ സ്ഥാനം വീട്ടിൽ'; കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സ്ത്രീകളെ ഉപദേശിച്ച് ചൈനീസ് പ്രസിഡന്റ്

പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ എന്നിവയിൽ യുവ സമൂഹത്തെ സ്വാധീനിക്കാൻ പാർട്ടി നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഷീ ജിൻപിങ് പറഞ്ഞു.

Update: 2023-11-09 07:44 GMT
Advertising

ബീജിങ്: വീട്ടിലിരിക്കാനും കുടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും ചൈനയിലെ സ്ത്രീകളെ ഉപദേശിച്ച് ദേശീയ വനിതാ കോൺഗ്രസ്. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്‌കാരം വളർത്തിയെടുക്കണമെന്ന് യോഗത്തിൽ പ്രസംഗിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പറഞ്ഞു. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ എന്നിവയിൽ യുവ സമൂഹത്തെ സ്വാധീനിക്കാൻ പാർട്ടി നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന വനിതാ കോൺഗ്രസ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്ത്രീകളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് കരുതപ്പെടുന്നത്. ഇത്തവണത്തെ വനിതാ കോൺഗ്രസിൽ ലിംഗ സമത്വത്തെ നിസ്സാരവത്കരിച്ചുകൊണ്ടാണ് നേതാക്കൾ സംസാരിച്ചത്. വിവാഹം കഴിക്കുക, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്ന പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ലക്ഷ്യത്തിനാണ് കോൺഗ്രസിൽ നേതാക്കന്മാർ ഊന്നൽ നൽകിയത്.



കഴിഞ്ഞകാലങ്ങളിൽ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെയാണ് നേതാക്കൾ സ്മരിച്ചത്. എന്നാൽ, ഇത്തവണത്തെ പ്രസംഗത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഷി സൂചിപ്പിച്ചതേ ഇല്ല. സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമാണ്. ജനനനിരക്ക് കുത്തനെ ഇടിഞ്ഞതിനാൽ ചൈന ജനസംഖ്യാപരമായ പ്രതിസന്ധിയിലാണുള്ളത്. 1960കൾക്ക് ശേഷം ആദ്യമായി ചൈനയിൽ ജനസംഖ്യ കുറയാൻ കാരണമായി. സാമ്പത്തിക സഹായവും നികുതി ഇളവും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടും ജനസംഖ്യാ പ്രതിസന്ധി മറികടക്കാൻ ബുദ്ധിമുട്ടുകയാണ് ചൈന.

ജനസംഖ്യയിലുണ്ടായ ഇടിവ് സമ്പദ്‌വ്യവസ്ഥയിലും പ്രകടമാകുന്നുണ്ട്. വളരെ കുറഞ്ഞ വേഗതയിലാണ് സമ്പദ്‌വ്യവസ്ഥ വളരുന്നത്. ഫെമിനിസത്തിന്റെ വളർച്ചയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്ത്രീകളോട് വീട്ടിലിരിക്കാനും കുഞ്ഞുങ്ങളെ വളർത്താനും പ്രായമായവരെ പരിപാലിക്കാനുമാണ് പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്യുന്നതെന്ന് നിരീക്ഷർ പറയുന്നു.

അതേസമയം, ചൈനയുടെ നിലപാട് മാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തുന്നവരുമുണ്ട്. സ്ത്രീകളുടെ ഒട്ടേറെ ആശങ്കകൾ പരിഹരിക്കുന്നതിന് പാർട്ടി പരാജയപ്പെട്ടിരിക്കുകയാണെന്നും സ്ത്രീകൾ ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങൾ നേതൃത്വത്തോടുള്ള വെല്ലുവിളിയായാണ് പാർട്ടി കാണുന്നതെന്നും നിരീക്ഷകർ പറയുന്നു. ലൈംഗികാതിക്രമങ്ങൾ, ലിംഗപരമായ അതിക്രമങ്ങൾ, വിവേചനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പോലും നിശബ്ദമാക്കപ്പെടുന്നു. ഫെമിനിസ്റ്റുകളും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരും ജയിലിലടക്കപ്പെടുന്നു. ഇതിനെതിരെ ഫലപ്രദമായ ഇടപെടലുണ്ടാവുന്നില്ലെന്നും വിമർശകർ പറയുന്നു.

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News