ഒന്നൊന്നര പക: അയൽവാസിയുടെ 1100 കോഴികളെ പേടിപ്പിച്ച് കൊന്ന് യുവാവ്
പ്രതിയായ ഗൂ സ്‌നക്കിന് ഹെങ്‌യാങ് കൗണ്ടിയിലെ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു
Update: 2023-04-18 14:05 GMT
അയൽവാസിയുടെ കോഴികളെ പേടിപ്പിച്ച് കൊന്ന് യുവാവ്. ചൈനയിലാണ് സംഭവം. പ്രതിയായ ഗൂ സ്‌നക്കിന് ഹെങ്‌യാങ് കൗണ്ടിയിലെ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.
ചൈന ഡെയ്‌ലിയുടെ റിപ്പോർട്ട് പ്രകാരം, 2022ലാണ് ഗൂവും അയൽവാസി ഴോങ്ങും തമ്മിൽ തർക്കം തുടങ്ങുന്നത്. ഗൂവിന്റെ വീട്ടുവളപ്പിലുള്ള മരങ്ങൾ ഴോങ്ങ് അനുവാദമില്ലാതെ മുറിച്ചതാണ് അസ്വാരസ്യങ്ങൾക്ക് കാരണം. ഇതേത്തുടർന്ന് ഗൂ ഴോങ്ങിന്റെ കോഴി ഫാമിലെത്തി കോഴികളെ കൊല്ലുകയായിരുന്നു. ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചാണ് ഗൂ പക്ഷികളെ പേടിപ്പിച്ചത്. ലൈറ്റ് കണ്ട് കോഴികൾ പേടിച്ചോടുകയും തമ്മിൽ കൂട്ടിയിടിച്ച് ചാവുകയുമായിരുന്നു.
460 കോഴികളാണ് ആദ്യ ദിവസം ചത്തത്. ഇത് കാട്ടി ഴോങ്ങ് പൊലീസിൽ പരാതിപ്പെട്ടതോടെ ബാക്കി കോഴികളെയും ഗൂ കൊല്ലുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് നഷ്ടമാണ് ഴോങ്ങ് നേരിട്ടത്.