'യുക്രൈനിലേക്ക് വരൂ, യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾ കാണൂ'; ട്രംപിനോട് സെലൻസ്‌കി
യുക്രൈൻ സന്ദർശനത്തോടെ വ്ളാഡിമിർ പുടിൻ ഇവിടെ എന്താണ് ചെയ്തതെന്ന് ട്രംപിന് ബോധ്യപ്പെടുമെന്നും സെലൻസ്‌കി


കീവ്: റഷ്യയുടെ ആക്രമണത്തെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങൾ നന്നായി മനസ്സിലാക്കാൻ യുക്രൈന്‍ സന്ദര്‍ശിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. യുക്രൈന്‍ സന്ദർശനത്തോടെ വ്‌ളാഡിമിർ പുടിന്‍ ഇവിടെ എന്താണ് ചെയ്തതെന്ന് ട്രംപിന് ബോധ്യപ്പെടുമെന്നും സെലന്‍സ്കി പറഞ്ഞു.
''ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾക്ക് മുമ്പ്, ചർച്ചകൾക്ക് മുമ്പ്, ഇവിടുത്തെ ആളുകളെയും, സാധാരണക്കാരെയും, യോദ്ധാക്കളെയും കാണാന്‍ വരൂ. തകര്‍ക്കപ്പെട്ട ആശുപത്രികളും പള്ളികളും കാണാൻ വരൂ''- വാര്‍ത്താചാനലായ സിബിഎസിന്റെ "60 മിനിറ്റ്സ്" എന്ന അഭിമുഖ പരിപാടിയില്‍ സെലെൻസ്‌കി വ്യക്തമാക്കി.
ഫെബ്രുവരി അവസാനം വൈറ്റ് ഹൗസിൽ ട്രംപും സെലന്‍സ്കിയും തമ്മിൽ നടന്ന ചൂടേറിയ വാക്കുതർക്കത്തിന് പിന്നാലെയാണ് സെലൻസ്‌കിയുടെ ക്ഷണം. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ചര്‍ച്ചയുടെ ഭാഗമായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന അന്നത്തെ തര്‍ക്കം ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം പിന്തുണ നേടാനായി സെലന്‍സ്കി മറ്റുരാജ്യങ്ങളിലെ തലവന്മാരെ വിളിച്ചുവരുത്തുകയാണെന്നും അന്ന് വാന്‍സ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ച അന്ന് മുതലെ സെലന്‍സ്കി ഇക്കാര്യം നിഷേധിക്കുന്നുണ്ട്.
ഇനി ട്രംപ് യുക്രൈന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചാല്‍ ഞങ്ങളതിനായി മാത്രം പ്രത്യേകം തയ്യാറൊടുപ്പുകളൊന്നും നടത്തില്ലെന്നും സെലന്‍സ്കി പറഞ്ഞു.
ഇതിനിടെ യുക്രൈനിൽ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെട 34 പേർ കൊല്ലപ്പെട്ടു. ഒശാന ഞായർ ദിനം വടക്കുകിഴക്കൻ യുക്രൈൻ നഗരമായ സുമിയിലായിരുന്നു റഷ്യയുടെ ബാലിസ്റ്റിക് മിസെലുകൾ പതിച്ചത്. തെരുവിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റവരിൽ ഏഴുപേർ കുട്ടികളാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ആക്രമണത്തിൽ തകർന്നു.