'കമ്മ്യൂണിസ്റ്റ് ചൈന അമേരിക്ക ഇതുവരെ നേരിട്ട ഏറ്റവും ശക്തിയും അച്ചടക്കവുമുള്ള ശത്രു'; പ്രതികരിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി

'അമേരിക്കയിലെ 380,000 ഏക്കറിലധികം മണ്ണ് ചൈനീസ് കമ്പനികളുടെ കയ്യിലുണ്ട്, അതിൽ ചിലത് നമ്മുടെ സൈനിക താവളങ്ങൾക്ക് തൊട്ടടുത്താണ്. നാം എന്താണ് ചെയ്യുന്നത്?'

Update: 2023-03-04 12:18 GMT

Nikki Haley, Xi Jinping

Advertising

വാഷിംഗ്ടൺ: അമേരിക്ക ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും ശക്തിയും അച്ചടക്കവുമുള്ള ശത്രു കമ്മ്യൂണിസ്റ്റ് ചൈനയാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി. കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് നടത്തതിയ പ്രസംഗത്തിലാണ് അവരുടെ അഭിപ്രായപ്രകടനം.

'കമ്മ്യൂണിസ്റ്റ് ചൈനയാണ് നമ്മൾ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയും അച്ചടക്കവുമുള്ള ശത്രു. നമ്മൾ ചൈനയെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതുണ്ട്. നമുക്ക് കോവിഡിൽ നിന്ന് ആരംഭിക്കാം' ഇന്ത്യൻ അടിവേരുകളുള്ള ഹേലി പറഞ്ഞു. അധികാരത്തിലെത്തിയാൽ അമേരിക്കയെ വെറുക്കുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് നിർത്തുമെന്നും നിക്കി ഹേലി വ്യക്തമാക്കി. പാകിസ്താൻ, ഇറാഖ്, ഫലസ്തീൻ, ക്യൂബ, ചൈന എന്നീ രാജ്യങ്ങൾക്ക് വിദേശ സഹായം നൽകുന്നുണ്ടെന്നും ശത്രുക്കൾക്ക് പണം നൽകുകയാണ് അമേരിക്ക നിലവിൽ ചെയ്യുന്നതെന്നും അവർ വിമർശിച്ചു.

51 കാരിയായ ഹേലി താൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഫെബ്രുവരി 14 ന് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം അവർ പാർട്ടിയുടെയും ജനങ്ങളുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. പാർട്ടി പ്രൈമറി ഘട്ടത്തിൽ തന്റെ മുൻ തലവനും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെയാണ് ഹേലി പോരാടുക. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഇതുവരെ രംഗത്ത് വന്ന ഏക വനിതയാണ് ഇവർ.

'ജോ ബൈഡൻ ചൈനയെ രക്ഷപ്പെടാൻ അനുവദിക്കുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അമേരിക്കയിലെ 380,000 ഏക്കറിലധികം മണ്ണ് ചൈനീസ് കമ്പനികളുടെ കയ്യിലുണ്ട്, അതിൽ ചിലത് നമ്മുടെ സൈനിക താവളങ്ങൾക്ക് തൊട്ടടുത്താണ്. നാം എന്താണ് ചെയ്യുന്നത്? ശത്രുവിനെ ഒരിക്കലും ഭൂമി വാങ്ങാൻ അനുവദിക്കരുത്. എല്ലാ സർവ്വകലാശാലകളോടും ഒരു കാര്യം പറയേണ്ടതുണ്ട്: നിങ്ങൾക്ക് ഒന്നുകിൽ ചൈനീസ് പണം സ്വീകരിക്കാം അല്ലെങ്കിൽ അമേരിക്കൻ പണം, രണ്ടും ഒരുമിച്ച് നിങ്ങൾക്ക് ഇനി ലഭിക്കില്ല' ചൈനയെക്കുറിച്ചുള്ള തന്റെ നയം ഹേലി വ്യക്തമാക്കി.

അമേരിക്കയുടെ യുഗം കഴിഞ്ഞുവെന്ന് ചൈന കരുതുന്നുവെന്നും പക്ഷേ, അവർ തെറ്റിദ്ധരിച്ചിക്കുകയാണെന്നും നമ്മുടെ പ്രതാപം കഴിഞ്ഞിട്ടില്ലെന്നും മുൻ സൗത്ത് കരോലിന ഗവർണർ കൂടിയായ ഹേലി പറഞ്ഞു.

ത്രിദിന സമ്മേളനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യതലസ്ഥാനത്ത് എത്തിയ ജനങ്ങൾ ഹാലിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്തു. ട്രംപും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ അമേരിക്കക്കാരനായ വിവേക് രാമസ്വാമിയും സമ്മേളനത്തിൽ പ്രസംഗിക്കും. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി, പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരെ ഹേലി തന്റെ പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചു.

Communist China is the most powerful and disciplined enemy America has ever faced; Republican presidential candidate Nikki Haley

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News