മ്യാൻമർ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം
മ്യാൻമറിന്റെ വ്യോമാതിർത്തിയിലാണ് ജിപിഎസ് സിഗ്നലിൽ തകരാർ നേരിട്ടത്


നയ്പിഡോ: ഭൂകമ്പ ബാധിത മ്യാൻമറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ദുരന്തബാധിതമേഖലകളിൽ 'ഓപ്പറേഷൻ ബ്രഹ്മ' ദുരിതാശ്വാസ ദൗത്യത്തിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
മ്യാൻമറിന്റെ വ്യോമാതിർത്തിയിൽ വച്ചാണ് ജിപിഎസ് സിഗ്നലിൽ തകരാർ നേരിട്ടത്. വിമാനത്തിന്റെ കോർഡിനേറ്റുകളിൽ മാറ്റം സംഭവിക്കുകയും നാവിഗേഷൻ സംവിധാനത്തിൽ പ്രശ്നങ്ങൾ നേരിടുകയും ചെയ്തതായാണ് റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപെട്ട പൈലറ്റുമാർ ഇന്റേണൽ നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
ജിപിഎസ് റീസിവറിനെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ വ്യാജ സിഗ്നലുകൾ നൽകി സിസ്റ്റത്തെ തെറ്റിദ്ധരിപ്പിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്ന ഒരു തരം സൈബർ ആക്രമണമാണ് ജിപിഎസ് സ്പൂഫിങ്. ആശയക്കുഴപ്പത്തിലാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപവും സമാനമായ സ്പൂഫിങ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023 നവംബർ മുതൽ ഇതുവരെ അമൃത്സറിനും ജമ്മുവിനും സമീപം 465 ജിപിഎസ് സ്പൂഫിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.