ഫുട്‌ബോൾ ഗ്രൗണ്ടിലെ തിക്കുംതിരക്കും: ഇന്ത്യോനേഷ്യയിലെ മരണസംഖ്യ 174 കടന്നു
പെർസേബയ സുരബായയുമായുള്ള മത്സരത്തിൽ അരേമ എഫ്.സി 3-2 ന് തോറ്റതോടെ ആയിരക്കണക്കിന് ആരാധകർ മൈതാനിയിലേക്കിറങ്ങുകയായിരുന്നു
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 174 കടന്നു. സംഭവത്തിൽ ചുരുങ്ങിയത് നൂറു പേർക്കെങ്കിലും പരിക്കേറ്റിരിക്കുകയാണ്. മലംഗിലെ കിഴക്കൻ നഗരത്തിലുള്ള കാൻജുറുഹാൻ സ്‌റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയാണ് ലോകദുരന്തങ്ങളിലൊന്ന് സംഭവിച്ചത്.
അരേമ എഫ്.സിയും പെർസേബയ സുരബായയും തമ്മിലുള്ള മത്സരത്തിലാണ് അത്യാഹിതം നടന്നത്. അരേമ എഫ്.സി 3-2 ന് തോറ്റതോടെ ആയിരക്കണക്കിന് ആരാധകർ മൈതാനിയിലേക്കിറങ്ങുകയായിരുന്നു. ഇതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. പലരും ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് ഈസ്റ്റ് ജാവ പ്രവിശ്യാ അധികൃതർ അറിയിച്ചു. രണ്ടു പൊലീസുകാരടക്കം 34 പേരാണ് സ്‌റ്റേഡിയത്തിൽ വെച്ച് തന്നെ മരിച്ചത്. ചിലർ ശ്വാസംമുട്ടിയും മറ്റു ചിലർ ചവിട്ടേറ്റും മരിക്കുകയായിരുന്നു.
മരണ സംഖ്യ 174 കടന്നതായി ഈസ്റ്റ് ജാവ വൈസ് ഗവർണർ എമിൽ ദർദാക് കോംപസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അറിയിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റതായും എട്ടു ആശുപത്രികളിൽ തീവ്രപരിചരണം നൽകിവരുന്നതായും അദ്ദേഹം അറിയിച്ചു. 11 പേർ ഗുരുതര നിലയിലാണെന്നും പറഞ്ഞു. അഞ്ചു വയസ്സുള്ള കുട്ടിയടക്കം മരണപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ഒരു ആശുപത്രി ഡയറക്ടർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്.
42,000 പേരെ ഉൾക്കൊള്ളുന്ന സ്‌റ്റേഡിയത്തിൽ അത്രപേർ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. 3000ത്തോളം പേർ മൈതാനത്തേക്ക് ഇരച്ചുകയറിയെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണം അഴിച്ചുവിട്ട ആരാധകർ സ്‌റ്റേഡിയത്തിന് പുറത്തുനിർത്തിയിട്ട വാഹനങ്ങൾ അഗ്നിക്കിരയാക്കിയെന്നും പറഞ്ഞു. അഞ്ചു പൊലീസ് കാറുകളും ട്രക്കുകളും ഇങ്ങനെ നശിപ്പിക്കപ്പെട്ടു.
ദുരന്തത്തെ തുടർന്ന് ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 ഗെയിമുകൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു. ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ മുമ്പും പ്രശ്‌നങ്ങൾ നടന്നിട്ടുണ്ട്. ക്ലബ്ബുകൾ തമ്മിലുള്ള ശക്തമായ മത്സരം പലപ്പോഴും ആരാധകർ തമ്മിലുള്ള അക്രമത്തിലേക്ക് നയിക്കാറുണ്ട്.
1964ൽ പെറു - അർജൻറീന ഒളിംപിക് ക്വാളിഫയറിനിടെ ലിമ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന തിക്കുംതിരക്കിൽ 320 പേർ കൊല്ലപ്പെട്ടിരുന്നു. 2012ൽ ഈജിപ്തിലെ പോർട്ട് സെയ്ദ് സ്‌റ്റേഡിയത്തിൽ 74 പേരും കൊല്ലപ്പെട്ടു. 1989ൽ യു.കെ ലിവർപൂൾ ആരാധകർ സൃഷ്ടിച്ച തിരക്കിൽ 96 പേർക്കാണ് ജീവഹാനി സംഭവിച്ചത്.
death toll in Indonesia's soccer match stampede has risen to 174