മാനനഷ്ടക്കേസ്: ഡൊണാൾഡ് ട്രംപിന് 8.33 മില്യൺ ഡോളർ പിഴ

ജീൻ കരോൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്

Update: 2024-01-27 05:37 GMT
Advertising

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് 8.33 മില്യൺ ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് സിറ്റി ജൂറി. മാധ്യമപ്രവർത്തക ജീൻ കരോൾ നൽകിയ മാനനഷ്ടക്കേസിലാണ് ഉത്തരവ്. 2019ലെ അപകീർത്തികരമായ പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് വിധി. ജീൻ കരോൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്. അതേസമയം, വിധി പരിഹാസ്യമാണെന്നും അപ്പീൽ പോകുമെന്നും ട്രംപ് അറിയിച്ചു.

മൂന്ന് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ശിക്ഷ വിധിച്ചത്. വാദം തുടങ്ങുന്ന സമയത്ത് ട്രംപ് കോടതിയിലുണ്ടായിരുന്നു. എന്നാൽ, വിധി തനിക്ക് പ്രതികൂലമാകുമെന്ന് മനസ്സിലായതോടെ അദ്ദേഹം ഇറങ്ങിപ്പോയി.

സ്ത്രീകളെ ആക്രമിക്കുന്നവർക്കുള്ള താക്കീതാണ് ഈ വിധിയെന്ന് കരോൾ പറഞ്ഞു. 2024ലെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ പ്രചാരണം നടത്തുന്നതിനിടെ വന്ന വിധി ട്രംപിന് വലിയ തിരിച്ചടിയാണ്.

1990ൽ മാൻഹട്ടനിവെച്ച് ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന് 2019ൽ ജീൻ കരോൾ ഒരു പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത് അമേരിക്കയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. തുടർന്ന് ട്രംപ് ഇവർക്കെതിരെ രംഗത്തുവന്നു.

കരോൾ നുണ പറയുകയാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ഒന്നുമല്ലെന്നും ആരോപിച്ചു. കരോൾ തന്റെ തരക്കാരിയല്ലെന്നും താൻ അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് തന്നെ അപകീർത്തിപ്പെടുത്തുകയും കരിയർ നശിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് 2019 നവംബറിൽ കരോൾ ട്രംപിനെതിരെ മാനനഷ്ടത്തിന് പരാതി നൽകി. കൂടാതെ ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അധികാരം ഒഴിഞ്ഞശേഷം അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് 2022 ജനുവരിയിൽ പ്രത്യേക കേസും ഫയൽ ചെയ്തു. ലൈംഗികാതിക്രമക്കേസിൽ 2022 ജൂണിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കരോളിന് അഞ്ച് മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News