ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി

ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചക്കുള്ളില്‍ വിധിക്കും

Update: 2021-04-21 01:16 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഏറെ വിവാദമായ അമേരിക്കയിലെ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതക കേസില്‍ നിര്‍‌ണായക വിധി. ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തി. ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചക്കുള്ളില്‍ വിധിക്കും.

കഴിഞ്ഞ വര്‍‌ഷം മെയ് 25നാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നത്. പിന്നാലെ ഏറെ വിവാദങ്ങള്‍ക്കും ലോകവ്യാപക പ്രതിഷേധങ്ങള്‍ക്കും ഇടയായ കേസിലാണ് നിര്‍ണായക ഉത്തരവ്. പ്രതിയായ പൊലീസുകാരന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനാണെന്ന് യു.എസ് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരായ മൂന്ന് കുറ്റങ്ങളും കോടതി ശരിവെച്ചു. രണ്ട് കൊലപാതക കുറ്റങ്ങളും ഒരു നരഹത്യാ കുറ്റവുമാണ് ചുമത്തിയിരുന്നത്.

ഷോവിനുള്ള ശിക്ഷാ വിധി എട്ടാഴ്ചക്കകം വിധിക്കും. മൂന്ന് കുറ്റങ്ങളിലായി 75 വര്‍‌ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തപ്പെട്ടത്. മൂന്നാഴ്ച നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഡെറിക് ഷോവിന്‍റെ ജാമ്യം റദ്ദാക്കി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മിനിയാ പൊലീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഷോവിന്‍. കൊലയാളി പൊലീസ് കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കിയതോടെ കോടതിക്ക് പുറത്ത് നിരവധി പേരാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കോടതി നടപടികള്‍ വൈറ്റ് ഹൌസിലിരുന്ന് വീക്ഷിച്ചിരുന്നു. കൊലപാതകം നടന്ന സമയത്ത് ഇരക്കൊപ്പം നിന്ന വ്യക്തിയായിരുന്നു ജോ ബൈഡന്‍. വിധിയെ മുന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും സ്വാഗതം ചെയ്തു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News