വ്യാജരേഖ ചമച്ച് വിമാനം പറത്തിയത് 24 വർഷം; വ്യാജ പൈലറ്റുകളെ അറസ്റ്റ് ചെയ്ത് പാകിസ്താൻ

2018ൽ രാജ്യത്ത് നടന്ന വിമാനപകടത്തിൽ വിമാനം പറത്തിയത് വ്യാജ പൈലറ്റാണെന്ന് കണ്ടെത്തിയിരുന്നു, ഇതിന്റെ തുടരന്വേഷണത്തിലാണ് രണ്ട് വ്യാജ പൈലറ്റുകളെക്കൂടി കണ്ടെത്തിയത്

Update: 2024-12-24 16:45 GMT
Editor : ശരത് പി | By : Web Desk
Advertising

ലാഹോർ: പാകിസ്താനിൽ രണ്ട് പൈലറ്റുകൾ വർഷങ്ങളോളം വിമാനം പറത്തിയത് വ്യാജ രേഖകൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ. പാകിസ്താനിലെ ദേശീയ ആന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്.

1995ലും 2006ലുമാണ് കസാൻ ഐജാസ് ദൂബെയും മുഹ്‌സിൻ അലിയും പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിൽ ചേരുന്നത്. 2022ൽ നടത്തിയ പരിശോധനയിൽ എയർലൈൻസിലെ വലിയൊരു ശതമാനം ജീവനക്കാരും വ്യാജ രേഖകൾ ഉപയോഗിച്ചാണ് ജോലി നേടിയത് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പൈലറ്റുകളും ഇത്രയും കാലം വിമാനം പറത്തിയിരുന്നത് വ്യാജ രേഖകളുപയോഗിച്ചാണെന്ന് കണ്ടെത്തിയത്.

കസാൻ ദോബെ 2019ലും മുഹ്‌സിൻ അലി 2014ലും എയർലൈൻസിൽ നിന്നും ജോലി രാജിവെച്ചിരുന്നു.

രണ്ട് പൈലറ്റുകൾക്ക് പുറമെ ഒരു എയർ ഹോസ്റ്റസിനും ഒരു ഡേറ്റ ഓപ്പറേറ്ററിനുമെതിരെയും കേസെടുത്തിട്ടുണ്ട്. നാലുപേരും തിങ്കളാഴ്ച തങ്ങൾ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. നാലുപേർക്കും കോടതി തടവുശിക്ഷയും പിഴയും വിധിച്ചു.

2020ൽ അന്നത്തെ പാകിസ്താൻ വ്യോമയാന മന്ത്രിയായ ഗുലാം സർവാർ ഖാൻ രാജ്യത്തെ പൈലറ്റുകൾ വിമാനം പറത്തുന്നത് വ്യാജ രേഖകൾ ഉപയോഗിച്ചാണെന്ന് പറഞ്ഞത് രാജ്യത്തിനകത്തും പുറത്തും വൻ വാർത്തയായിരുന്നു.

2008, 2018 വരെയുള്ള കാലത്ത് ഭരിച്ചിരുന്ന പാകിസ്താൻ മുസ്‌ലിം ലീഗ് പാർട്ടിയും പാകിസ്താൻ പീപ്പിൾ പാർട്ടിയും പൈലറ്റുകളും എഞ്ചിനീയർമാരും ഉൾപ്പടെ 658 ആളുകൾക്ക് വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തൊഴിൽ നൽകിയെന്നാണ് ഗുലാം സർവാർ വാദിച്ചത്.

ഇതിന് പിന്നാലെ പാകിസ്താൻ പൈലറ്റുകളെ വളരെ ജാഗ്രതയോടെയാണ് അന്താരാഷ്ട്ര വൈമാനിക മേഖല കണ്ടിരുന്നത്. യൂറോപ്യൻ യുണിയൻ ഏവിയേഷൻ ഏജൻസിയും യുകെയും പാകിസ്താൻ പൈലറ്റുമാരെ തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളിലേക്ക് പറക്കുന്നത് വിലക്കിയിരുന്നു.

2018ൽ പാകിസ്താനിൽ 97 പേർ മരിച്ച വിമാനപകടം നടന്നിരുന്നു. ഇതിന് പിന്നാലെ വന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രകാരമായിരുന്നു മന്ത്രി രാജ്യത്തെ പൈലറ്റുകൾക്കെതിരെ ആരോപണമുന്നയിച്ചത്. അപകടത്തിന് കാരണക്കാരനായ പൈലറ്റിന് ലൈസൻസ് പരിശോധനയിൽ ലൈസൻസ് അനുവദിച്ചത് അവധി ദിനത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പൈലറ്റ് വ്യാജനാണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ 860 പൈലറ്റുകളിൽ 260 പേരും രേഖകൾ കെട്ടിച്ചമച്ചവരോ പരീക്ഷയിൽ തട്ടിപ്പ് നടത്തി ജയിച്ചവരോ ആണെന്നും മന്ത്രി അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞിരുന്നു.

തുടർന്ന് നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ദീർഘകാലം സേവനമനുഷ്ടിച്ച രണ്ട് പൈലറ്റുകളെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News