കോക്ക്പിറ്റിൽ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം പൈലറ്റ്

വിമാന ജീവനക്കാർ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരിൽ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളിൽ പരിഭ്രാന്തമായ നിമിഷങ്ങൾ സൃഷ്ടിച്ചു

Update: 2025-02-10 11:54 GMT
Editor : André | By : Web Desk
കോക്ക്പിറ്റിൽ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം പൈലറ്റ്
AddThis Website Tools
Advertising

ഏതൻസ്: പറക്കലിനിടെ പൈലറ്റ് കോക്ക്പിറ്റിൽ കുഴഞ്ഞുവീണപ്പോൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 160-ലേറെ യാത്രക്കാരുമായി സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം പൈലറ്റ്. ശനിയാഴ്ച ബ്രിട്ടീഷ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ഈജിപ്തിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് അടിയന്തര സാഹചര്യമുണ്ടായത്. ഫസ്റ്റ് ഓഫീസറുടെ ആരോഗ്യസ്ഥിതി മോശമാവുകയും യാത്രക്കാർ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, രണ്ടാം ഓഫീസർ വിമാനം വഴിതിരിച്ചുവിട്ട് ഏതൻസ് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

ഫെബ്രുവരി എട്ടിന് ഈജിപ്തിലെ ഹുർഗദ നഗരത്തിൽ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്ക് പുറപ്പെട്ട ഈസി ജെറ്റിന്റെ എയർബസ് എ 320 - 200 എൻ വിമാനം രണ്ട് മണിക്കൂർ പറന്നു കഴിഞ്ഞപ്പോഴാണ് ഒന്നാം പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിമാന ജീവനക്കാർ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരിൽ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളിൽ പരിഭ്രാന്തമായ നിമിഷങ്ങൾ സൃഷ്ടിച്ചു. ഈ സമയം തെക്കുകിഴക്ക് ഏതൻസിന് 110 നോട്ടിക്കൽ മൈൽ അകലെയായിരുന്നു വിമാനം.

അടിയന്തര സാഹചര്യം മനസ്സിലാക്കി നിയന്ത്രണം ഏറ്റെടുത്ത രണ്ടാം ഓഫീസർ തൊട്ടടുത്തുള്ള ഏതൻസ് വിമാനത്താവളവുമായി ബന്ധപ്പെടുകയും വിമാനം വഴിതിരിച്ചുവിട്ട് മൂന്നാം ടെർമിനലിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. ലാന്റിങ് സമയത്ത് റൺവേയ്ക്കു സമീപം ഫയർ എഞ്ചിനുകളും പൊലീസും ആരോഗ്യവിദഗ്ധരുമടക്കമുള്ള സംഘം സർവസന്നദ്ധരായിരുന്നു. അസുഖബാധിതനായ പൈലറ്റിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി.

യാത്രക്കാർക്ക് അന്നുരാത്രി ഏതൻസിൽ തങ്ങേണ്ടി വന്നുവെന്നും താമസ-ഭക്ഷണ സംവിധാനങ്ങളും തുടർയാത്രയ്ക്കുള്ള സൗകര്യങ്ങളും ചെയ്തുവെന്നും ഈസിജെറ്റ് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൈലറ്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദീകരണം ലഭ്യമായിട്ടില്ല.

മുന്നൂറിലേറെ എയർബസ് 320 വിമാനങ്ങളുമായി യൂറോപ്പ്, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന ഈസിജെറ്റ് ലോകത്തെ സുരക്ഷിതമായ വിമാനക്കമ്പനികളിൽ ഒന്നായാണ് എണ്ണപ്പെടുന്നത്. 1995-ൽ ആരംഭിച്ച ഈസിജെറ്റിന്റെ വിമാനങ്ങളിൽ ഇതുവരെ വലിയ അപായസന്ദർഭങ്ങൾ ഉണ്ടായിട്ടില്ല. ഈ വർഷം ജനുവരിയിൽ ഫ്രാൻസിലെ ബോർഡോയിൽ നിന്ന് സ്‌പെയിനിലെ ടെനറിഫിലേക്കു പറന്ന ഈസിജെറ്റ് വിമാനത്തിന്റെ എഞ്ചിൻ തകരാറായെങ്കിലും പോർച്ചുഗലിലെ പോർട്ടോയിൽ സുരക്ഷിതമായി ഇറക്കിയിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News