'ട്വിറ്ററിൽ നിന്ന് മസ്‌കിന് ലോഗൗട്ട്'; സിഇഒ സ്ഥാനം രാജിവെക്കും
ജോലി ഏറ്റെടുക്കാൻ ഒരു വിഡ്ഢിയെ കണ്ടെത്തിയാലുടൻ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ട്വീറ്റ്
സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്‌ക് സ്ഥാനമൊഴിയും. അഭിപ്രായ വോട്ടടെടുപ്പിൽ തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് തീരുമാനം. ഉപഭോക്താക്കളുടെ പിന്തുണയില്ലെങ്കിൽ സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പകരക്കാരനെ കണ്ടെത്തിയതിന് ശേഷം ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയുമെന്ന് എലോൺ മസ്‌ക് ചൊവ്വാഴ്ച പറഞ്ഞു.
'ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ & സെർവറുകൾ ടീമുകൾ പ്രവർത്തിപ്പിക്കും,' മസ്‌ക് ട്വിറ്ററിൽ കുറിച്ചു. ട്വിറ്റർ സി.ഇ.ഒ പദവി ഒഴിയണമോ എന്ന്‌ചോദിച്ച് നടത്തിയ സർവേയിൽ ഭൂരിഭാഗം പേരും മസ്‌കിനെതിരെ വോട്ടുചെയ്തിരുന്നു.
ആകെ ഒരു കോടി 75 ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 57.5 ശതമാനം പേർ ട്വിറ്റർ സി ഇ ഒ ഇലോൺ മസ്‌ക്കിനെതിരായി വോട്ട് ചെയ്തു. 43 ശതമാനം പേർ മാത്രമാണ് മസ്‌കിനെ പിന്തുണച്ചത്. ട്വിറ്ററിൽ സ്വന്തം പ്രൊഫൈലിലാണ് മസ്‌ക് പോൾ പങ്കുവച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന മറ്റാരെയെങ്കിലും പദവി ഏൽപ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. ട്വിറ്റർ മേധാവിയായി എത്തിയതിന് ശേഷം വലിയ വിമർശനമാണ് മസ്‌ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിമുഖീകരിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തതും, ബ്ലൂ ടിക്കിന് നിരക്ക് ഈടാക്കാനുള്ള തീരുമാനവും വിമർശനം ഏറ്റുവാങ്ങിയിരുന്നു.
പ്ലാറ്റ്ഫോമിലെ പ്രധാന നയ മാറ്റങ്ങളുടെ പേരിൽ മസ്‌ക് ചില വിമർശനങ്ങൾ നേരിട്ട സമയത്താണ് ട്വിറ്റർ നിയമങ്ങളിൽ മാറ്റം വരുന്നത്. വെള്ളിയാഴ്ച, യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ്, ട്വിറ്ററിൽ നിന്ന് മാധ്യമപ്രവർത്തകരെ ഇലോൺ മസ്‌ക് സസ്‌പെൻഡ് ചെയ്തതിൽ താൻ വളരെയധികം അസ്വസ്ഥനാണെന്നും ഇത് അപകടകരമായ കീഴ്വഴക്കമാണെന്നും പറഞ്ഞിരുന്നു.
പോൾ റിസൾട്ട് എന്തു തന്നെയായാലും താൻ അംഗീകരിക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകൾ,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ പോലുള്ള പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തുമെന്ന് ട്വിറ്റർ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ്.