ജോർജിയ മെലോണി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഇറ്റലിയിൽ തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിൽ
ബെനിറ്റോ മുസോളനിക്ക് ശേഷം അധികാരത്തിലേറുന്ന ആദ്യ തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാറാണ് ജോർജിയ മെലോണിയുടേത്.
റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോണി സത്യപ്രതിജ്ഞ ചെയ്തു. മെലോണിക്കൊപ്പം മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ബെനിറ്റോ മുസോളനിക്ക് ശേഷം അധികാരത്തിലേറുന്ന ആദ്യ തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാറാണ് ജോർജിയ മെലോണിയുടേത്.
മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) പാർട്ടിയാണ് സഖ്യ സർക്കാറിന് നേതൃത്വം നൽകുന്നത്. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ ഫോർസ ഇറ്റാലിയയും മാറ്റിയോ സാൽവിനിയുടെ ആന്റി ഇമിഗ്രന്റ് ലീഗുമാണ് സഖ്യത്തിലെ മറ്റു പാർട്ടികൾ.
2018ലെ പൊതു തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിക്ക് നേടാനായത്. നാല് ശതമാനം പിന്തുണയിൽനിന്ന് 25 ശതമാനത്തിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ മെലോണി നിർണായക പങ്കാണ് വഹിച്ചത്. പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ സ്ഥാനമൊഴിയുന്ന സർക്കാറിനെ പിന്തുണക്കാതെ പ്രതിപക്ഷത്ത് ഉറച്ചുനിൽക്കാനുള്ള തീരുമാനമാണ് മെലോണിക്ക് വലിയ ജനപിന്തുണ നേടിക്കൊടുത്തതെന്നാണ് വിലയിരുത്തൽ.
കടുത്ത വലതുപക്ഷ നിലപാടുകാരിയായ മെലോണി മുസ്‌ലിംകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്ന വ്യക്തിയാണ്. സാധ്യമാകുന്ന വേദികളിലെല്ലാം തന്റെ തീവ്രവാദ നിലപാടുകൾ തുറന്നുപറയാറുള്ള മെലോണി യൂറോപ്യൻ യൂണിയന്റെ കടുത്ത വിമർശക കൂടിയാണ്.