ഇന്തോനേഷ്യൻ ഓയിൽ ഡിപ്പോയില്‍ തീപിടിത്തം; 17 മരണം,ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിച്ചു

Update: 2023-03-04 07:08 GMT
Editor : Jaisy Thomas | By : Web Desk

ഇന്തോനേഷ്യൻ ഓയിൽ ഡിപ്പോയിലുണ്ടായ തീപിടിത്തം

Advertising

ജക്കാർത്ത: ഇന്തോനേഷ്യയില്‍ ഇന്ധന സംഭരണ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും ഡസൻ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.

പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ പെർട്ടമിനയുടെ കീഴിലുള്ള പ്ലംപാങ് ഇന്ധന സംഭരണ ​​കേന്ദ്രത്തിലാണ് തീപിടിത്തം. വടക്കൻ ജക്കാർത്തയിലെ തനഹ് മെറക്ക് അടുത്തുള്ള ജനസാന്ദ്രതയുള്ള പ്രദേശത്തിന് സമീപമാണ് സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യയുടെ ഇന്ധന ആവശ്യത്തിന്‍റെ 25 ശതമാനവും നല്‍കുന്നത് ഈ സംഭരണ ഡിപ്പോയാണ്. കുറഞ്ഞത് 260 അഗ്നിശമന സേനാംഗങ്ങളും 52 ഫയർ എഞ്ചിനുകളും സമീപ പ്രദേശങ്ങളിൽ തീയണയ്ക്കാൻ പാടുപെടുകയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.




തീപിടിത്തത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കറുത്ത പുകയും ഓറഞ്ച് നിറത്തിലുള്ള തീജ്വാലുകളും കൊണ്ട് പ്രദേശമാകെ നിറഞ്ഞിരിക്കുന്നതും കാണാം. കനത്ത മഴയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടിയതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പെർട്ടമിന ഏരിയ മാനേജർ എക്കോ ക്രിസ്റ്റിയവാൻ പറഞ്ഞു.തീപിടിത്തം രാജ്യത്തിന്‍റെ ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.




 സർക്കാർ ഓഫീസുകളിലും സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലുമായി 600 ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ജക്കാർത്ത ഗവർണറുടെ ആക്ടിംഗ് ഗവർണർ ഹെരു ബുഡി ഹർട്ടോനോ പറഞ്ഞു. മരിച്ചവരില്‍ രണ്ടു കുട്ടികളുമുണ്ട്. 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലർക്ക് ഗുരുതരമായി പൊള്ളലേറ്റു. മന്ത്രി എറിക് തോഹിർ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും തീപിടിത്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ പെർട്ടമിനയോട് ഉത്തരവിടുകയും ചെയ്തു. പ്ലംപാങ് ഇന്ധന ഡിപ്പോയിലുണ്ടായ രണ്ടാമത്തെ വലിയ തീപിടിത്തമാണ് വെള്ളിയാഴ്ചയുണ്ടായ തീപിടിത്തം. 2014ൽ സമീപത്തെ 40 വീടുകളിലെങ്കിലും തീപിടിത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ജനവാസ മേഖലയില്‍ നിന്നും ഡിപ്പോ ഉടന്‍ മാറ്റണമെന്ന് ഗജ മാഡ യൂണിവേഴ്‌സിറ്റിയിലെ എനർജി അനലിസ്റ്റായ ഫഹ്മി രാധി ആവശ്യപ്പെട്ടു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News