പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ തന്‍റെ പേരില്ലല്ലോയെന്ന് കുറ്റവാളിയുടെ കമന്‍റ്; ഒടുവില്‍ പിടിയില്‍
താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും എന്നു പറയുന്നതുപോലെ കമന്‍റ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിന്‍റെ പിടിയിലായി
വാഷിംഗ്ണ്‍: പൊലീസ് ഫേസ്ബുക്കിലിട്ട പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ തന്‍റെ പേര് കാണാത്തത് ജോര്‍ജിയക്കാരനായ ക്രിസ്റ്റഫര്‍ സ്‌പോള്‍ഡിംഗ് എന്ന കുറ്റവാളിയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. കാരണം ചോദിച്ച് ഫേസ്ബുക്കില്‍ കമന്‍റ് ചെയ്യുകയും ചെയ്തു. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും എന്നു പറയുന്നതുപോലെ കമന്‍റ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിന്‍റെ പിടിയിലായി.
നഗരത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റ് ഈയിടെയാണ് റോക്ക്‌ഡെയ്ല്‍ കൗണ്ടി ഷെരീഫ് ഓഫീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ലിസ്റ്റില്‍ തന്‍റെ പേര് കാണാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റഫര്‍ 'എന്താ എന്നെ കുറിച്ചുള്ള അഭിപ്രായം' എന്ന് കമന്‍റിലൂടെ ആരാഞ്ഞു. ഇതാണ് ഇത്ര നാളും പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിസ്റ്റഫറിലേക്ക് പൊലീസിനെ എത്തിച്ചത്. കൊലപാതകം, കവര്‍ച്ച, ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ ആണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്രിസ്റ്റഫര്‍ സ്‌പോള്‍ഡിംഗിന്‍റെ സംശയത്തിന് മറുപടി നല്‍കിയതിനു പിന്നലെയാണ് പൊലീസ് ആളെ തേടിയെത്തിയത്. 'നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ പേരില്‍ രണ്ട് വാറണ്ടുണ്ട്. ഞങ്ങള്‍ അങ്ങോട്ട് വന്ന് കൊണ്ടിരിക്കുകയാണ്- പൊലീസ് പ്രതിയുടെ കമന്‍റിനു താഴെ മറുപടി നല്‍കി.
ഫേസ്ബുക്ക് കമന്‍റിലൂടെ കുറ്റവാളിയെ പിടികൂടിയ കഥ റോക്ക്‌ഡെയ്ൽ കൗണ്ടി ഷെരീഫിന്‍റെ ഓഫീസ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.''നിങ്ങളെ പിടികൂടുന്നതിനുള്ള നിങ്ങളുടെ സഹായത്തിന് ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്നു'' എന്നായിരുന്നു പൊലീസ് കുറിച്ചത്.'' സജീവമായും കാര്യക്ഷമതയോടും പ്രവര്‍ത്തിച്ചതിന് ഞങ്ങളുടെ ഫ്യുജിറ്റീവ് യൂണിറ്റിന് പ്രത്യേക നന്ദി. രണ്ടു വാറന്‍റുകളുള്ള മിസ്റ്റർ സ്പോൾഡിംഗിനെ പിടികൂടി'' കുറിപ്പ് ഇങ്ങനെ പോകുന്നു. രണ്ട് ദിവസം മുന്‍പാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇപ്പോള്‍ പൊലീസിന്‍റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.