ഇസ്രായേലുമായി കരാര്‍: പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍
വംശഹത്യ നടത്തുന്ന ഇസ്രായേലുമായുള്ള കരാറാണ് ഗൂഗിളിന് സ്വന്തം തൊഴിലാളികളേക്കാള്‍ വിലമതിക്കുന്നതെന്ന് 'നോ ടെക് ഫോര്‍ അപ്പാര്‍ട്ടെയ്ഡ്'
ന്യൂയോര്‍ക്ക്: ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിന്റെ ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെയും ഓഫീസുകളില്‍ 10 മണിക്കൂര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ടു. ഇസ്രായേലുമായുള്ള 1.2 ബില്യണ്‍ ഡോളറിന്റെ ക്ലൗഡ് കരാറായ പ്രൊജക്റ്റ് നിംബസിനെതിരെ 'നോ ടെക് ഫോര്‍ അപ്പാര്‍ട്ടെയ്ഡ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച പ്രതിഷേധം നടത്തിയത്. ഇതില്‍ പങ്കെടുത്തവരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്.
'ഇന്നലത്തെ ചരിത്രപരമായ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരത്തില്‍ നേരിട്ട് പങ്കെടുക്കാത്തവരെ ഉള്‍പ്പെടെ രണ്ട് ഡസനിലധികം ആളുകളെ ഗൂഗിള്‍ വിവേചനരഹിതമായി പിരിച്ചുവിട്ടുവെന്ന് 'നോ ടെക് ഫോര്‍ അപ്പാര്‍ട്ടെയ്ഡ്' എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
പ്രതിഷേധക്കാരെ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് ഗൂഗിളിന്റെ ഗ്ലോബല്‍ സെക്യൂരിറ്റി മേധാവി ക്രിസ് റാക്കോവ് എല്ലാ ജീവനക്കാര്‍ക്കും അയച്ച അറിയിപ്പില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് ഇവിടെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയ 28 ജീവനക്കാരുടെ ജോലിയാണ് അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്ന് അവസാനിപ്പിച്ചത്. കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
അതേസമയം, ഇത് നഗ്‌നമായ പ്രതികാര നടപടിയാണെന്ന് നോ ടെക് ഫോര്‍ അപ്പാര്‍ട്ടെയ്ഡ് പ്രതികരിച്ചു. ഗസ്സയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ സര്‍ക്കാറുമായും സൈന്യവുമായുള്ള 1.2 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഗൂഗിളിന് സ്വന്തം തൊഴിലാളികളേക്കാള്‍ വിലമതിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നഗ്‌നമായ പ്രതികാര നടപടിയെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച നടന്ന സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടത്. കമ്പനിയുടെ ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലെ സണ്ണിവെയ്‌ലിലുമുള്ള ഓഫിസുകളിലാണ് പ്രതിഷേധക്കാര്‍ കുത്തിയിരുന്നത്.
ഇസ്രായേലും ഗൂഗിളും ആമസോണും തമ്മിലുള്ള 1.2 ബില്യണ്‍ ഡോളറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിരീക്ഷണ കരാറില്‍ നിന്ന് പിന്‍മാറുന്നത് വരെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഗൂഗിള്‍ വംശഹത്യക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യന്റെ കാലിഫോര്‍ണിയ ഓഫിസ് ഇവര്‍ കൈയ്യടക്കി. ജീവനക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഗൂഗിളും ആമസോണും ഇസ്രായേല്‍ സര്‍ക്കാറും സൈന്യവുമായുള്ള നിംബസ് കരാര്‍ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഡാറ്റാ സംഭരണം, ശേഖരണം, വിശകലനം തുടങ്ങിയ സംവിധാനങ്ങളാണ് നിംബസിലുള്ളത്.
2021 ഏപ്രിലിലാണ് 1.2 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇസ്രായേലും ഗൂഗിളും ആമസോണും തമ്മില്‍ ഒപ്പുവെച്ചത്. ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുകയാണെന്നാണ് നിംബസിനെതിരായ പ്രധാന വിമര്‍ശനം.