ഖാൻ യൂനിസിൽ മൈൻ ആക്രമണവുമായി ഹമാസ്; ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
സൈനിക വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു
ഗസ: ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസ് നടത്തിയ മൈൻ ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. തെക്കൻ ഗസയിലെ ഖാൻ യൂനിസിന് കിഴക്ക് അൽ-ഫഖാരി പ്രദേശത്ത് മൈനുകൾ പൊട്ടിച്ചാണ് ഇസ്രായേലി എഞ്ചിനീയറിംഗ് യൂണിറ്റിലെ അംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അതേസമയം, 679-ാം ബ്രിഗേഡിലെ ബറ്റാലിയനിലെ സൈനികന് തെക്കൻ ഗസയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഖാൻ യൂനിസിൽ യുദ്ധ ടാങ്കിന് നേരെ റോക്കറ്റാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അൽ-ഖസ്സാം ബ്രിഗേഡുകൾ അൽ-ഫഖാരി ഏരിയയിൽ ഇസ്രായേൽ ടാങ്കുകൾക്കും സൈനിക വ്യൂഹത്തിനും നേരെ പതിയിരുന്ന് ആക്രമണം നടത്തുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎൻ സുരക്ഷാ കൗൺസിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രായേൽ ഗസയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഫലസ്തീൻ ആരോഗ്യവകുപ്പിന്റെ കണക്കുകൾ അനുസരിച്ച് ഏകദേശം 41,600 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 96,200 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.