അവരെന്നെ നന്നായി നോക്കുന്നുണ്ട്... മരുന്നുകള്‍ നല്‍കുന്നു, ചികിത്സിക്കുന്നു; ബന്ദിയാക്കിയ ഇസ്രായേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

വിഡിയോയിൽ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്

Update: 2023-10-17 08:32 GMT
Editor : Jaisy Thomas | By : Web Desk

ഹമാസ് ബന്ദിയാക്കിയ മിയ

Advertising

തെല്‍ അവിവ്: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 21 കാരിയായ മിയ ഷെം എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് തിങ്കളാഴ്ച പുറത്തുവിട്ടത്.

വീഡിയോയിൽ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്.ഒക്ടോബര്‍ ഏഴിനാണ് മിയയെ ഹമാസ് ബന്ദിയാക്കിയത്. ഗസ്സ അതിര്‍ത്തിക്കടുത്തുള്ള ചെറിയ ഇസ്രായേലി നഗരമായ സ്‌ഡെറോറ്റിൽ നിന്നുള്ളയാളാണെന്ന് മിയ വീഡിയോയില്‍ പറയുന്നുണ്ട്. കിബ്ബട്ട്‌സ് റെയിമിലെ സൂപ്പർനോവ സുക്കോട്ട് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹമാസിന്‍റെ ആക്രമണമുണ്ടാകുന്നത്. ഈ ആക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെടുകയും മിയ ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കുകയും ചെയ്തു.''അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്...ചികിത്സ നല്‍കുന്നുണ്ട്. മരുന്നുകള്‍ നല്‍കുന്നു. എല്ലാം ഓക്കെയാണ്. എത്രയും വേഗം  വീട്ടിലേക്ക് മടങ്ങണമെന്ന് മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെ നിന്നും രക്ഷിക്കുക." ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ മിയ പറയുന്നു.

കഴിഞ്ഞയാഴ്ച മിയയെ തട്ടിക്കൊണ്ടുപോയതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ മിയയുടെ കുടുംബത്തെ സമീപിച്ചിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. “ഹമാസ് പുറത്തുവിട്ട വീഡിയോയിൽ അവർ തങ്ങളെ മനുഷ്യത്വമുള്ളവരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, അവർ ശിശുക്കളെയും കുട്ടികളെയും പുരുഷന്മാരെയും സ്ത്രീകളെയും വൃദ്ധരെയും കൊലപ്പെടുത്തുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും ഉത്തരവാദികളായ ഒരു ഭീകരമായ തീവ്രവാദ സംഘടനയാണ്. മിയ ഉള്‍പ്പെടെയുള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്''ഐഡിഎഫ് എക്സില്‍ കുറിച്ചു.

മിയയെ സുരക്ഷിതമായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.ഇസ്രായേൽ-ഫ്രഞ്ച് പൗരത്വമുള്ളയാളാണ് മിയ. അവരുടെ ബന്ധുക്കളെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഫ്രാൻസ് പ്രസിഡന്‍റെ ഇമ്മാനുവൽ മാക്രോണിനോട് അഭ്യർത്ഥിച്ച ഫ്രഞ്ച് കുടുംബങ്ങളിൽ മിയയുടെ കുടുംബവും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News