ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് വക്താവ് അബ്ദുല്ലത്തീഫ് അൽ ഖനൂവ കൊല്ലപ്പെട്ടു
വ്യാഴാഴ്ച പുലർച്ച ജബലിയയിലെ ടെൻറിന് നേരെയായിരുന്നു ആക്രമണം


ഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബ്ദുല്ലത്തീഫ് അൽ ഖനൂവയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച ജബലിയയിലെ ടെൻറിൽ കഴിയവെയാണ് ആക്രമണം. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മണിക്കൂറുകളിലായി നിരവധി ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. ഗാസ സിറ്റിയിലെ അസ്-സഫ്താവി പ്രദേശത്തെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു.
രണ്ട് മാസത്തെ വെടിനിർത്തൽ അവസാനിപ്പിച്ച് മാർച്ച് 18നാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത്. ഇതിനകം നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മുതിർന്ന ഹമാസ് നേതാക്കളുമുണ്ട്.
ഞായറാഴ്ച തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയ ഓഫീസിലെ ധനകാര്യ സ്ഥാപനങ്ങളുടെ തലവൻ ഇസ്മായിൽ ബർഹൂം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. അതേ ദിവസം തന്നെ ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവും ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സലാഹ് അൽ-ബർദവീലും ഭാര്യയും കൊല്ലപ്പെട്ടു.
ഇരുവരും ഹമാസിന്റെ 20 അംഗ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളായിരുന്നു. 20 അംഗങ്ങളിൽ 11 പേരും യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.