യുക്രൈനിൽ നിന്ന്​ സൈന്യത്തെ ഉടനടി പിൻവലിക്കണം; റഷ്യക്ക്​ മുന്നറിയിപ്പുമായി യു.എൻ പൊതുസഭാ പ്രമേയം

അഞ്ചിനെതിരെ 141 വോ​ട്ടോടെയാണ്​ പ്രമേയം പാസായത്

Update: 2022-03-03 01:20 GMT
Advertising

യുക്രൈനിൽ നിന്ന്​ സൈന്യത്തെ ഉടനടി പിൻവലിക്കണമെന്ന്​ റഷ്യക്ക്​ മുന്നറിയിപ്പുമായി യു.എൻ പൊതുസഭാ പ്രമേയം. യുക്രൈനിൽ നിന്ന്​ സിവിലിയൻമാർക്ക്​ സുരക്ഷിതമായി പുറത്തുപോകാൻ അവസരം ഒരുക്കണമെന്നും പ്രമേയം നിർദേശിച്ചു. അഞ്ചിനെതിരെ 141 വോ​ട്ടോടെയാണ്​ പ്രമേയം പാസായത്​. ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾ വോ​ട്ടെടുപ്പിൽ നിന്ന്​ വിട്ടുനിന്നു.

 പ്രമേയം പാസായത്​ റഷ്യക്ക്​ തിരിച്ചടിയായെങ്കിലും  പ്രമേയം നടപ്പാക്കാൻ യു.എന്നിന്​ അവകാശമില്ല. യുക്രൈൻ വിഷയത്തിൽ കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്യുകയായിരുന്നു.

പതിറ്റാണ്ടുകൾക്കിപ്പുറമാണ്​ യു.എൻ പൊതുസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത്​. വൻ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന യുക്രൈൻ യുദ്ധത്തിൽ നിന്ന്​ ഉപാധികളില്ലാതെ എത്രയും പെ​ട്ടെന്ന്​ റഷ്യൻ സൈന്യം പിൻവാങ്ങണമെന്ന താക്കീതാണ്​ പ്രമേയത്തിലൂടെ യു.എൻ പൊതുസഭ മുന്നോട്ടുവെച്ചത്​. യുദ്ധം റഷ്യയുടെ മാത്രം സൃഷ്​ടിയാണെന്ന്​ യു.എന്നിലെ യുക്രൈൻ പ്രതിനിധി സർജി സില്യത്​സ്യ കുറ്റപ്പെടുത്തി. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവക്കു പുറമെ തുർക്കി, കുവൈത്ത്​ ഉൾപ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. റഷ്യക്കു പുറമെ നോർത്ത്​ കൊറിയ, സിറിയ, എരിത്രിയ, ബെലാറൂസ്​ എന്നീ രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. സമാധാന ചർച്ചകളിലൂടെയുള്ള പ്രശ്​ന പരിഹാരമാണ്​ വേണ്ടതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾ വോ​ട്ടെടുപ്പിൽ നിന്ന്​ വിട്ടുനിന്നത്​.

അധിനിവേശം ആരംഭിച്ചതിന് ശേഷം വലിയ രീതിയിലുള്ള ഉപരോധം തീർത്ത് റഷ്യയെ ഒറ്റപ്പെടുത്താനാണ് യൂറോപ്യൻ രാജ്യങ്ങളടക്കം നീക്കം നടത്തിയത്. റഷ്യൻ ആക്രമണം എട്ടാം നാളെത്തുന്നപ്പോഴും വലിയ രീതിയിലുള്ള ഉപരോധങ്ങൾ തുടരുകയാണ്. റഷ്യയിലെയും ബെലറൂസിലെയും എല്ലാ പദ്ധതികളും ലോകബാങ്ക് നിർത്തിവച്ചു. യൂറോപ്യൻ യൂണിയൻ 22 മുതിർന്ന ബെലറൂസ് സൈനിക ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി.

പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, സ്ലൊവാക്യ, റൊമേനിയഎന്നീ രാജ്യങ്ങൾ റഷ്യയിലുള്ളരണ്ട് അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് പിൻവാങ്ങി. യൂറോപ്യൻ യൂണിയൻ ഏഴ് റഷ്യൻ ബാങ്കുകളെ ആഗോള സ്വിഫ്റ്റ് നെറ്റ്‌വർക്കിൽ നിന്ന് ഒഴിവാക്കി. അഴിമതിക്കാരായ റഷ്യക്കാരെ കണ്ടെത്താൻ പുതിയ ടാസ്‌ക് ഫോഴ്‌സ് ആരംഭിക്കുമെന്ന് യുഎസ് വ്യക്തമാക്കി.

റഷ്യയുടെ എണ്ണ ഇറക്കുമതിക്കെതിരായ ഉപരോധവും യുഎസ് തുടരും. ഡിഎച്ച്എൽ കൊറിയർ സർവീസുകൾ റഷ്യയിലും ബെലറൂസിലും സർവീസ് നിർത്തിവെച്ചു.റഷ്യക്കെതിരായ ഉപരോധത്തിനൊപ്പം യുക്രൈന് സഹായവാഗ്ദാനങ്ങളും പലരും നൽകുന്നുണ്ട്.1,000 രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലോകാരോഗ്യസംഘടന അടിയന്തരമായി യുക്രൈൻ അതിർത്തിരാജ്യമായ പോളണ്ടിലെത്തിക്കും.ചെൽസി ഫുട്ബോൾ ക്ലബ് വിൽപ്പന നടത്തിക്കിട്ടുന്ന തുക യുക്രൈനിൽ ആക്രമണം നേരിട്ടവർക്ക് നൽകുമെന്ന് റഷ്യൻ വ്യവസായി റോമൻ അബ്രമോവിച്ചും വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News