ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍, സൗദി ക്ലബ്ബിലേക്കെന്ന വാർത്ത നിഷേധിച്ച് മെസിയുടെ പിതാവ്; ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍റിംഗ് വാര്‍ത്തകള്‍

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന വാര്‍ത്തകള്‍ ഇവയാണ്

Update: 2023-05-09 15:27 GMT
Advertising

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍; വ്യാപക സംഘര്‍ഷം

മുൻ പാകിസ്താൻ പ്രധാനമന്ത്രിയും തെഹ്‌രീക ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇംറാൻഖാനെ അറസ്റ്റു ചെയ്തു. തലസ്ഥാനമായ ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വെച്ചാണ് ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റു ചെയ്തത്. അഴിമതിക്കേസിൽ ഇസ്‌ലാമാബാദിലെ കോടതി വളപ്പിൽ നിന്നാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാൻറെ അറസ്റ്റിന് പിന്നാലെ പാക്കിസ്താനിൽ വ്യാപക സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്സാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കേ വിദേശത്ത് നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിറ്റ് നികുതി വെട്ടിച്ചെന്ന കേസിലാണ് അറസ്റ്റെന്നും സൂചനയുണ്ട്.ഈ കേസുകളിൽ നിരവധി തവണ ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല. 

പ്രഭാസിന്‍റെ വില്ലനായി സെയ്ഫ് അലി ഖാന്‍; ആദിപുരുഷിന്‍റെ ട്രെയിലര്‍ എത്തി


പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്തിറങ്ങി. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആണ്.

'തിന്മയ്ക്ക് മേൽ നന്മയുടെ വിജയം' എന്നാണ് 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. വി.എഫ്.എക്‌സ് ക്വാളിറ്റിയില്ലെന്നതിന്റെ പേരിൽ നേരത്തേ റിലീസ് ചെയ്ത ടീസറിന് വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇതിന് മറുപടിയെന്നോണം മികവോടെയാണ് ഇപ്പോൾ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഫാന്റസി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ വി.എഫ്.എക്‌സ് ഒരു സിനിമക്കുവേണ്ട മികവില്ലെന്നായിരുന്നു വിമർശനം.

3 ഡിയിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിൽ രാഘവ എന്ന നായക കഥാപാത്രത്തെ പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രത്തെ സെയ്ഫ് അലിഖാനുമാണ് അവതരിപ്പിക്കുന്നത്.



'കലാപകാരികൾ ബംഗാളിലേക്ക് വരേണ്ട' ; ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോ ബാക്ക് അമിത് ഷാ' ഹാഷ് ടാഗ്


ന്യൂഡൽഹി: ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോ ബാക്ക് അമിത് ഷാ' ഹാഷ് ടാഗ് കാമ്പയിൻ. കലാപകാരികൾ ബംഗാളിലേക്ക് വരേണ്ടതില്ലെന്ന പോസ്റ്ററുകളാണ് ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. സാമൂഹിക സൗഹാർദം തകർക്കുന്നവർ തിരിച്ചുപോകൂ എന്നും നിരവധിപേർ ട്വീറ്റ് ചെയ്യുന്നുണ്ട്.

രവീന്ദ്ര ജയന്തി ദിനവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ ബംഗാൾ സന്ദർശിക്കുന്നത്. രവീന്ദ്ര നാഥാ ടാഗോറിന്റെ പാരമ്പര്യം അവകാശപ്പെടുന്നതിൽ ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും തമ്മിൽ വലിയ തർക്കം നടക്കുന്നുണ്ട്. ഇതിനിടയിലാണ് അമിത് ഷായുടെ സന്ദർശനം.

അഫ്‍ഗാനിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി


കാബൂള്‍: അഫ്‍ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഫൈസാബാദിൽ നിന്ന് 116 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനം .ഇന്നു പുലർച്ചെ 3.32ന് 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

മെയ് മൂന്നിന് റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. മൂന്നാം തീയതി ഉച്ചകഴിഞ്ഞ് 3.21നാണ് ഭൂചലനം ഉണ്ടായത്. 169 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

'ഞങ്ങൾ വേര്‍പിരിഞ്ഞു, വിവാഹ ഫോട്ടോയെടുക്കാൻ വാങ്ങിയ പണം മുഴുവൻ തിരികെ തരണം'; യുവതിയുടെ ആവശ്യം കേട്ട് ഞെട്ടി ഫോട്ടോഗ്രാഫർ


നാല് വർഷം മുമ്പ് വളരെ ആഘോഷമായി നടത്തിയ കല്യാണം. ആ വിവാഹആഘോഷങ്ങളുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫർക്ക് ഒരു ദിവസം ഫോണിൽ ഒരു സന്ദേശം വന്നു. അത് മറ്റൊന്നുമല്ലായിരുന്നു. നാല് വർഷം മുമ്പ് നിങ്ങൾ എന്റെ വിവാഹഫോട്ടോ എടുക്കാൻ വാങ്ങിച്ച മുഴുവൻ പൈസയും തിരികെ തരണം. മെസേജ് കണ്ട് ഫോട്ടോഗ്രാഫർ ശരിക്കും ഞെട്ടി.

തമാശയാണെന്നാണ് ഫോട്ടോഗ്രാഫർ ആദ്യം കരുതിയത്. കാരണം തിരക്കിയപ്പോൾ യുവതി പറഞ്ഞ മറുപടി ഇങ്ങയായിരുന്നു. ''നിങ്ങൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. 2019 ൽ ഡർബനിൽ നടന്ന എന്റെ വിവാഹത്തിൽ എനിക്കായി ഫോട്ടോഷൂട്ട് നടത്തിയത് നിങ്ങളാണ്. എന്നാൽ ഞാൻ ഇപ്പോൾ വിവാഹമോചിതയാണ്, ആ ചിത്രങ്ങൾ എനിക്കും എന്റെ മുൻ ഭർത്താവിനും ഇനി അവ ആവശ്യമില്ല. നിങ്ങൾ അന്ന് ചെയ്തത് വലിയൊരു ജോലിയാണ്. പക്ഷേ ഞങ്ങൾ ഇപ്പോൾ വിവാഹമോചനം നേടിയതിനാൽ അന്നെടുത്ത ജോലിയെല്ലാം പാഴായി. അതുകൊണ്ട് തന്നെ നിങ്ങൾക്ക് നൽകിയ തുക എനിക്ക് തിരികെ നൽകണം. കാരണം ഞങ്ങൾക്ക് ഇനി ആ ഫോട്ടോകൾ ആവശ്യമില്ല'.

എന്നാൽ ഈ ആവശ്യം ഫോട്ടോഗ്രാഫർ നിരസിച്ചു. 'അന്ന് ഞാൻ ചെയ്ത ജോലി തിരിച്ചെടുക്കാൻ സാധിക്കാത്തത് പോലെ നിങ്ങൾക്ക് പണവും തിരിച്ചുതരാൻ പറ്റില്ല'. അയാൾ മറുപടി നൽകി. എന്നാൽ ഫോട്ടോഗ്രാഫർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിന് പുറമെ യുവതിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചു. ചാറ്റുകൾ സോഷ്യൽമീഡിയയിൽ വൈറലായി.


''മെസ്സി തീരുമാനിച്ചിട്ടില്ല''; സൗദി ക്ലബ്ബിലേക്കെന്ന വാർത്ത നിഷേധിച്ച് പിതാവ്

പാരിസ്: അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണൽ മെസ്സി സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബില്‍ ചേരുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി താരത്തിന്‍റെ പിതാവ്. ഒരു ക്ലബ്ബുമായും ഇതുവരെ താരം ചർച്ച നടത്തിയിട്ടില്ല എന്നും സീസണിന്റെ അവസാനത്തോടെയേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും ജോർജ് മെസി പറഞ്ഞു.''പി.എസ്.ജിയിൽ ഈ സീസൺ അവസാനിക്കും മുമ്പ് കൂടുമാറ്റത്തെക്കുറിച്ച് മെസ്സി ഒരു തീരുമാനമെടുക്കില്ല. ലിയോയെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതുവരെ ഒരു ക്ലബ്ബുമായും ഞങ്ങൾ ചർച്ച നടത്തിയിട്ടില്ല. പ്രചരിക്കുന്നത് മുഴുവൻ വ്യാജവാർത്തകളാണ്''- ജോർജ് മെസി പറഞ്ഞു. 


വമ്പൻ തുകയ്ക്ക് മെസ്സിയെ സൗദി ക്ലബായ അല്‍ഹിലാല്‍ സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ പിഎസ്ജി താരമായ മെസ്സി ക്ലബ്ബുമായി അത്ര രസത്തിലല്ല. ഈയിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി യാത്ര നടത്തിയതിന് പിഎസ്ജി താരത്തിന് രണ്ടാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ശമ്പളവും റദ്ദാക്കിയിരുന്നു. ഈ വർഷം ജൂൺ വരെയാണ് പി.എസ്.ജിയുമായി മെസ്സിക്ക് കരാറുള്ളത്. ഫ്രഞ്ച് ക്ലബിൽ നിന്ന് മുൻ തട്ടകമായ ബാഴ്‌സലോണയിലേക്ക് മെസ്സി കൂടുമാറും എന്ന തരത്തിലും റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു.


അഞ്ചുദിവസം കൊടുംകാട്ടിൽ അകപ്പെട്ട യുവതിയുടെ ജീവൻ നിലനിർത്തിയത് ലോലിപോപ്പും ഒരു കുപ്പിവൈനും


യു.എസ്: അഞ്ച് ദിവസത്തിലേറെയായി കൊടുംകാട്ടിൽ വഴിതെറ്റിയ സ്ത്രീയുടെ ജീവൻ നിലനിർത്തിയത് ഒരു കുപ്പി വൈനും ഏതാനും ലോലിപോപ്പുകളും. അവധിക്കാലമാഘോഷിക്കാനായിരുന്നു 48 കാരിയായ ലിലിയൻ വിക്ടോറിയയിലെ ഉൾവനത്തിൽ പെടുന്നത്. ഡാർട്ട്മൗത്ത് ഡാമിലേക്ക് ഒറ്റക്ക് കാറോടിച്ചാണ് എത്തിയത്. എന്നാൽ ലിലിയന് വഴിതെറ്റുകയും ചെയ്തു. തിരിച്ചുപോകാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം ചെളിയിൽ താഴുകയും ചെയ്തു.

കാർ ചെളിയിൽ താഴ്ന്ന പ്രദേശത്താകട്ടെ മൊബൈൽ റേഞ്ചുമില്ലായിരുന്നു. ഇതോടെ ലിലിയൻ കാട്ടിൽ കുടുങ്ങി. ഏപ്രിൽ 30 നാണ് സംഭവം നടക്കുന്നത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പല മേഖലയിലും വിപുലമായി തെരച്ചിൽ നടത്തുകയും ചെയ്തു.

അഞ്ച് ദിവസത്തിന് ശേഷം മലയോരമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കുറ്റിക്കാട്ടിൽ ലിലിയന്റെ കാർ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലിലിയനെ കണ്ടെത്തുകയും ചെയ്തു. നഗരത്തിൽ നിന്ന് 37 മൈൽ അകലെയായിരുന്നു യുവതിയെ രക്ഷപ്പെടുത്തിയത്.

യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടു. നിബിഡമായ വനത്തിൽ അഞ്ച് ദിവസമായി കാണാതായ കണ്ടെത്തി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. കാട്ടിൽ നിന്ന് ഹെലികോപ്റ്ററിന് നേരെ യുവതി കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്.


ബാറ്റ് നൽകാമോ എന്ന് ബോൾ ബോയ്; കോഹ്ലിയുടെ മറുപടി ഇങ്ങനെ, വീഡിയോ വൈറൽ

മുംബൈ: ഐ.പി.എല്ലിൽ ഇന്ന് ഏറെ നിർണായകമായൊരു പോരാട്ടമാണ് അരങ്ങേറുന്നത്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിരാട് കോഹ്ലിയുടെ ബാംഗ്ലൂരും രോഹിത് ശർമയുടെ മുംബൈയും കളത്തിലിറങ്ങുമ്പോൾ വാംഖഡേയിൽ തീപാറുമെന്നുറപ്പ്. പത്ത് മത്സരങ്ങളിൽ ഇരുടീമുകൾക്കും പത്ത് പോയിന്റ് വീതമാണുള്ളത്. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ ആറാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്. ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറാം.

നിർണായക മത്സരത്തിനായി മുംബൈയിലെത്തിയ ബാംഗ്ലൂർ ടീം നേരത്തേ തന്നെ പരിശീലനമാരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിന്റെ പരിശീലനത്തിനിടെ നടന്നൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിരാട് കോഹ്ലിയോട് വാംഖഡേയിലെ ഒരു ബോൾ ബോയ് ബാറ്റ് നൽകാമോ എന്ന് ചോദിച്ചു. ചിരിച്ച് കൊണ്ട് ബോൾബോയ്ക്ക് മറുപടി നൽകിയ കോഹ്ലി ഉടൻ തന്നെ ടീം സ്റ്റാഫുകളിൽ ഒരാളോട് സൈൻ ചെയ്ത തന്റെ ഒരു ബാറ്റ് നൽകാൻ ആവശ്യപ്പെട്ടു. ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോള്‍.

'സഞ്ജു ആർ.ആർ.ആറിനേക്കാൾ വലിയവൻ'; വിവാദ ട്വീറ്റിൽ മാപ്പു പറഞ്ഞ് രാജസ്ഥാൻ

ഐ.പി.എല്ലിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജസ്ഥാൻ റോയൽസിന് കഷ്ടകാലമാണ്. തൊട്ടതെല്ലാം പിഴക്കുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും അവർ പരാജയപ്പെട്ടു. ചെന്നൈയോട് മാത്രമാണ് വിജയിക്കാനായത്. ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ വൻസ്‌കോർ നേടിയിട്ടും ടീം ഹൈദരാബാദിനോട് തോറ്റു. 215 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ സൺറൈസേഴ്‌സ് മറികടക്കുകയായിരുന്നു. ഈ മത്സരം നടന്ന മെയ് ഏഴിന് രാജസ്ഥാൻ ട്വിറ്ററിൽ കുറിച്ച ഒരു കുറിപ്പിന്റെ പേരിൽ അവർ മാപ്പു പറഞ്ഞിരിക്കുകയാണ്.

SSS അഥവാ സ്‌കിപ്പർ സഞ്ജു സാംസന്റെ ബാറ്റിംഗ് ആർ.ആർ.ആർ സിനിമയേക്കാൾ മഹത്തരമെന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്. എന്നാൽ മത്സരത്തിൽ പരാജയപ്പെടുകയും ട്വീറ്റ് ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. മത്സരത്തിൽ വിജയിച്ചതോടെ അംപയർ നോബോൾ വിളിക്കുന്ന ചിത്രവുമായി സൺറൈസേഴ്‌സ് വിവാദ ട്വീറ്റിനോട് പ്രതികരിച്ചു. ഇതോടെ മെയ് എട്ടിന് അവർ മാപ്പ് പറഞ്ഞു. ഈ സിനിമ ലോക ശ്രദ്ധ നേടിയതാണ്, അതിനാൽ ഞങ്ങൾ മാപ്പു പറയേണ്ടതാണെന്ന് രാജസ്ഥാൻ ട്വിറ്ററിൽ കുറിച്ചു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News