ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു
റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളി ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രതിരോധ, വ്യാപാര മേഖലകളിലായി 10 സുപ്രധാന കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും പറഞ്ഞു. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും മോദി-പുടിൻ കൂടിക്കാഴ്ചയിൽ ധാരണയായി.
രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയും റഷ്യയും ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഡൽഹിയിലെ ഹൈദരാബാദ് ഹൌസിൽ പ്രതിരോധവും വ്യാപാരവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുളള പ്രതിരോധ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളി ആണെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു. ആയുധ കരാർ ഉൾപ്പെടെ 10 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു.