റഷ്യക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ സുപ്രിംകോടതി ജസ്റ്റിസ്
യുക്രൈനിൽ നടക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നും യുക്രൈനിനെതിരെ റഷ്യ സേനയെ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര കോടതി പറഞ്ഞു.
യുക്രൈനിലെ എല്ലാ സൈനിക ഓപ്പറേഷനുകളും റഷ്യ അടിയന്തരമായി നിർത്തിവെക്കണമെന്ന് അന്താരാഷ്ട്ര കോടതി. ഇന്ത്യയിൽ നിന്നും, സുപ്രീംകോടതി മുൻ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഉക്രൈനിലെ റഷ്യൻ അധിനിവേശങ്ങൾക്കെതിരായി വോട്ട് ചെയ്തു. യുക്രൈനിൽ നടക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നും യുക്രൈനിനെതിരെ റഷ്യ സേനയെ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
'ഫെബ്രുവരി 24 ന് യുക്രെയ്ൻ പ്രദേശത്ത് ആരംഭിച്ച സൈനിക പ്രവർത്തനങ്ങൾ റഷ്യൻ ഫെഡറേഷൻ ഉടൻ നിർത്തിവയ്ക്കണം, അന്താരാഷ്ട്ര നിയമത്തിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന റഷ്യൻ ഫെഡറേഷന്റെ ബലപ്രയോഗത്തിൽ കോടതി ആശങ്കാകുലരാണെന്ന് പ്രിസൈഡിംഗ് ജഡ്ജി ജോവാൻ ഡോനോഗ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ നിന്ന് പ്രവർത്തിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ അന്താരാഷ്ട്ര കോടതിയിലെ 15 സിറ്റിങ് ജഡ്ജിമാരിൽ ഒരാളാണ് ഭണ്ഡാരി. കൊവിഡ് സാഹചര്യം കാരണം ഓൺലൈനായിട്ടായിരുന്നു അദ്ദേഹം കോടതി നടപടികളിൽ പങ്കെടുത്തത്. 15ൽ 13 ജഡ്ജിമാരും റഷ്യക്കെതിരായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. ഇതോടെ 2ന് എതിരെ 13 വോട്ടുകൾക്ക് റഷ്യക്കെതിരായ ഉത്തരവ് പാസായി. അമേരിക്ക, സ്ലൊവാക്യ, ഫ്രാൻസ്, മൊറോക്കോ, സൊമാലിയ, ഉഗാണ്ട, ജമൈക്ക, ലെബനൻ, ജപ്പാൻ, ജർമനി, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജസ്റ്റിസുമാർ ഉക്രൈനിലെ ഓപ്പറേഷനുകൾ റഷ്യ നിർത്തലാക്കണമെന്ന് വോട്ട് ചെയ്തപ്പോൾ റഷ്യയും ചൈനയുമാണ് എതിർത്ത രാജ്യങ്ങൾ.