ഫുട്‌ബോൾ മൈതാനത്തിലെ ദുരന്തം: മാപ്പ് ചോദിച്ച് ഇന്തോനേഷ്യൻ സർക്കാർ, സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു
ടീമിന്റെ തോൽവിക്ക് ക്ലബ് മാനേജ്മെന്റ് ഉത്തരം പറയണമെന്നാവശ്യപ്പെട്ടായിരുന്നു കാണികൾ മൈതാനത്തേക്കിറങ്ങിയത്
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 174 പേർ മരിക്കാനിടായ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ശനിയാഴ്ച രാത്രിയാണ് തോറ്റ ടീമിന്റെ ആരാധകർ ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയത്. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. സംഭവത്തിൽ ഇന്തോനേഷ്യൻ സർക്കാർ മാപ്പ് പറഞ്ഞു. ഇതിനെ പുറമെ രാജ്യത്തെ ഫുട്‌ബോൾ മത്സരങ്ങളുടെ സുരക്ഷാ അവലോകനത്തിനും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഉത്തരവിട്ടു.
ഇന്തോനേഷ്യയുടെ കായിക യുവജന മന്ത്രി, ദേശീയ പൊലീസ് മേധാവി, ഇന്തോനേഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ മേധാവി എന്നിവരോട് ഫുട്‌ബോൾ മത്സരങ്ങളെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും സമഗ്രമായ വിലയിരുത്തൽ നടത്താൻ നിർദേശിച്ചതായി പ്രസിഡന്റ് പറഞ്ഞു.
മലംഗിലെ കിഴക്കൻ നഗരത്തിലുള്ള കാൻജുറുഹാൻ സ്റ്റേഡിയത്തിൽ അരേമ എഫ്.സിയും പെർസേബയ സുരബായയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദുരന്തം നടന്നത്. അരേമ എഫ്.സി 3-2 ന് തോറ്റതോടെ ആയിരക്കണക്കിന് ആരാധകർ മൈതാനിയിലേക്കിറങ്ങുകയായിരുന്നു. പലരും ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് ഈസ്റ്റ് ജാവ പ്രവിശ്യാ അധികൃതർ അറിയിച്ചു. രണ്ടു പൊലീസുകാരടക്കം 34 പേരാണ് സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് മരിച്ചത്.
23 വർഷത്തിനിടെ ആദ്യമായാണ് അരേമ എഫ്സി സ്ഥിരം എതിരാളികളോട് തോറ്റത്. ടീമിന്റെ തോൽവിക്ക് ക്ലബ് മാനേജ്മെന്റ് ഉത്തരം പറയണമെന്നാവശ്യപ്പെട്ടായിരുന്നു കാണികൾ മൈതാനത്തേക്കിറങ്ങിയത്. പൊലീസുകാർക്കും കളിക്കാർക്കും നേരെ ആരാധകർ കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞു.
ഫിഫ ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ കണ്ണീർ വാതകം നിരോധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ആരാധകരുടെ ആക്രമണം സ്റ്റേഡിയത്തിന് പുറത്ത് വ്യാപിച്ചതോടെ അഞ്ച് പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. സംഭവത്തിൽ 300 ലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്.