ഇസ്രായേലിനെ കോടതി കയറ്റാൻ ഇന്തോനേഷ്യയും

‘ഫലസ്തീൻ ജനതക്ക് ആഗോള പിന്തുണ ലഭിക്കാൻ കേസ് സഹായിക്കും’

Update: 2024-01-21 08:24 GMT
Advertising

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്ത് ഇന്തോനേഷ്യ. നേരത്തെ സമാന വിഷയത്തിൽ ദക്ഷിണാഫ്രിക്ക പരാതി നൽകുകയും അതിന്റെ പ്രാഥമിക വിചാരണ നടക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ​ഫയൽ ചെയ്യുന്നതുമായി ബന്ധ​പ്പെട്ട് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം ജകാർത്തയിൽ വിദഗ്ധ സംഘവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഫയൽ ചെയ്തത്. ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കി ആഗോള പിന്തുണ ലഭിക്കാൻ കേസ് സഹായിക്കുമെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്‌നോ മർസൂദി പറഞ്ഞു.

കേസിൽ പങ്കുചേരുന്ന കാര്യം ഇന്തോനേഷ്യയും സ്ലോവേനിയയും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19ന് കോടതിയിൽ വീണ്ടും വിചാരണ നടക്കുന്നുണ്ട്. ഈ സമയത്ത് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രിയും സംഘവും പ​ങ്കെടുക്കുമെന്നാണ് വിവരം.

ഡിസംബർ 29നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ കേസ് കൊടുത്തത്. ഇസ്രാ​ലേൽ ഗസ്സയിൽ നടത്തിയ കൂട്ടക്കുരുതിയുടെ വ്യക്തമായ ചിത്രമാണ് ദക്ഷിണാഫ്രിക്ക ​നൽകിയ പരാതിയിലുള്ളത്.

1948ലെ വംശഹത്യ കൺവെൻഷൻ ഉടമ്പടികൾ ഇസ്രായേൽ ലംഘിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കുരുതിയാണ്. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുന്നു. ഗസ്സയിലെ ജനങ്ങളെ ​കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ പറയുന്നത്.

ഇസ്രാ​യേലി ഭരണകൂടം നടത്തിയ വിദ്വേഷ പ്രസ്താവനകളെല്ലാം വംശഹത്യ ആരോപണങ്ങൾ ബലപ്പെടുത്താൻ ദക്ഷണാഫ്രിക്ക തെളിവായി നൽകി. തുർക്കി, ജോർദാൻ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News