അച്ഛൻ കാറ് മോഷ്‌ടിച്ചു, പൊലീസിന്റെ വെടിയേറ്റത് ഒൻപത് വയസുകാരനായ മകന്
മകനെ ഒപ്പമിരുത്തി കാറോടിച്ച് പോകുന്നതിനിടെ പൊലീസ് പിന്തുടർന്ന് വെടിവെക്കുകയായിരുന്നുവെന്ന് ഇറാൻ അധികൃതർ പറയുന്നു
മോഷ്ടിച്ച കാറുമായി കടക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ ഒൻപതുവയസുകാരൻ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. കുട്ടിയുടെ അച്ഛനാണ് കാർ മോഷ്ടിച്ചത്. മകനെ ഒപ്പമിരുത്തി കാറോടിച്ച് പോകുന്നതിനിടെ പോലീസ് പിന്തുടർന്ന് വെടിവെക്കുകയായിരുന്നുവെന്ന് ഇറാൻ അധികൃതർ പറയുന്നു.
വാഹനത്തിന് നേരെ വെടിയുതിർത്ത് മോഷ്ടാവിനെ തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിലാണ് കുട്ടിക്ക് വെടിയേറ്റതെന്ന് ഇറാന്റെ ഔദ്യോഗിക പോലീസ് വെബ്‌സൈറ്റ് വഴി - ഷുഷ്താർ കൗണ്ടിയിലെ പോലീസ് മേധാവി റുഹോല്ല ബിഗ്ഡെലി പറഞ്ഞു.
സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. വെടിവെപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇയാൾക്ക് നിരവധി മുന്നറിയിപ്പുകൾ നൽകിയിരുന്നതായി പോലീസ് പറയുന്നു. കാർ മോഷണവും മയക്കുമരുന്ന് കടത്തും ഉൾപ്പെടെയുള്ള ക്രിമിനൽ റെക്കോർഡ് ഇയാൾക്കുണ്ടെന്നും പോലീസ് പറഞ്ഞു. മൊർട്ടെസ ഡെൽഫ് സരെഗാനിയ എന്ന കുട്ടിയാണ് മരിച്ചത്. എന്നാൽ, വെടിവെക്കുന്നതിന് മുൻപ് പോലീസ് യാതൊരു മുന്നറിയിപ്പും നല്കിയിരുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം.
മോർട്ടെസയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏറെ ദുഖകരമായ സംഭവമാണ് ഉണ്ടായതെന്ന് ആളുകൾ പ്രതികരിച്ചു. നേരത്തെയും സമാന സംഭവം ഇറാനിൽ ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറിലാണ് 9 വയസ്സുള്ള കിയാൻ പിർഫലക് സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചത്. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ കടുത്ത ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ ഇറാനിലെ സദാചാര പൊലീസിന്റെ കസ്റ്റഡിയിലായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് കിയാൻ വെടിയേറ്റ് മരിച്ചത്. തെരുവിൽ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്പ്പിനിടെ കുട്ടിക്ക് വെടിയേൽക്കുകയായിരുന്നു.
സുരക്ഷാ സേനക്ക് ഏറെ വിമർശനങ്ങൾ നേരിട്ട സംഭവമായിരുന്നു ഇത്. പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു ഒൻപത് വയസുകാരൻ പോലീസിന്റെ വെടിവെപ്പിന് ഇരയായിരിക്കുന്നത്.