തല മറയ്ക്കാത്ത സ്ത്രീകൾക്കെതിരെ നടപടി കടുപ്പിക്കാൻ ഇറാൻ; പൊലീസ് പട്രോളിംഗ് പുനരാരംഭിച്ചു
ഹിജാബ് ശരിയായ രീതിയിൽ ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22കാരി മരിച്ചതിന് കൃത്യം 10 മാസത്തിന് ശേഷമാണ് വീണ്ടും ഇറാനിൽ ഹിജാബ് നിയമം ശക്തമാകുന്നത്
ടെഹ്‌റാൻ:ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പിടികൂടാൻ ഇറാനിൽ പോലീസ് പട്രോളിംഗ് പുനരാരംഭിച്ചു. മതപരമായ വസ്ത്രധാരണരീതി ലംഘിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പൊതുസ്ഥലത്ത് മുടി അനാവരണം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹിജാബ് ശരിയായ രീതിയിൽ ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22കാരി മരിച്ചതിന് കൃത്യം 10 മാസത്തിന് ശേഷമാണ് വീണ്ടും ഇറാനിൽ ഹിജാബ് നിയമം ശക്തമാകുന്നത്. മെഹ്‌സയുടെ മരണത്തെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധം കാരണം സദാചാര പോലീസ് തെരുവുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
കൂടാതെ, ഹിജാബ് കത്തിച്ചും മുടി മുറിച്ചും നിരവധി സ്ത്രീകൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പൊതുസ്ഥലത്ത് സ്ത്രീകൾ തലയും കഴുത്തും മറയ്ക്കണമെന്ന ഡ്രസ് കോഡ് ലംഘിച്ചതിനാണു ഇറാനിയൻ-കുർദ് വംശജയായ മഹ്‌സ അമിനിയെ കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 13ന് ഇറാൻ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കുടുംബത്തോടൊപ്പം ടെഹ്റാനിലേക്ക് പോവുകയായിരുന്ന മഹ്സയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.
പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.
ഹൃദയാഘാതം മൂലമാണ് മഹ്‌സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, കസ്റ്റഡിയിൽ മഹ്‌സ അതിക്രൂരതകൾ നേരിട്ടെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മഹ്‌സയയെ പൊലീസ് മർദിച്ചുവന്ന് കുടുംബം പറഞ്ഞു. അവൾക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖങ്ങളുമില്ലെന്നും പൊലീസ് മഹ്‌സിയയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.
തുടർന്ന്, 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായി ഇറാൻ കടുത്ത പ്രതിഷേധത്തിന് സാക്ഷിയാവുകയായിരുന്നു. മഹ്‌സിയയുടെ സ്വദേശമായ കുർദ് മേഖലയിലാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന്, രാജ്യതലസ്ഥാനമായ ടെഹ്‌റാൻ അടക്കം 150ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു.
മതശാസനം പരസ്യമായി ലംഘിച്ചുകൊണ്ട് തെരുവിലിറങ്ങിയ സ്ത്രീകൾ ഹിജാബ് വലിച്ചൂരി തെരുവിലിട്ട് കത്തിച്ചു. പ്രതീകാത്മകമായി മുടിമുറിച്ചു. ഇതിന്റ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. രാജ്യാന്തര തലത്തിൽ പിന്തുണ ലഭിച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു.