രൂക്ഷ വിമർശനവുമായി ലോകനേതാക്കൾ; യുഎൻ പൊതുസഭയിൽ ഒറ്റപ്പെട്ട് ഇസ്രായേൽ

തുർക്കി, ഖത്തർ, ബ്രസീൽ, ജോർദാൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

Update: 2024-09-25 12:49 GMT
Advertising

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ലോകനേതാക്കൾ. തുർക്കി, ഖത്തർ, ബ്രസീൽ, ജോർദാൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. യുഎസ് മാത്രമാണ് ഇസ്രായേലിന് പിന്തുണച്ച് രംഗത്തെത്തിയത്.

ഇസ്രായേൽ ആക്രമണം ഗസ്സയിൽനിന്ന് ലെബനാനിലേക്ക് വ്യാപിച്ചതോടെ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അതിൽ എല്ലാവർക്കും ആശങ്ക വേണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ലബനാൻ മറ്റൊരു ഗസ്സയാവാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ ഫലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. താൻ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ശേഷം ഏറ്റവും വേഗത്തിലും വ്യാപ്തിയിലുമുള്ള വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നത്. യുഎന്നിന്റെ തന്നെ 200ൽ അധികം ജീവനക്കാർ ഗസ്സയിൽ കൊല്ലപ്പെട്ടു. പലരും കുടുംബത്തോടൊപ്പമാണ് പോയത്. എങ്കിലും ഇപ്പോഴും തങ്ങളുടെ വളണ്ടിയർമാർ അവിടെ സേവനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തായിരുന്നു ഉർദുഗാന്റെ പ്രസംഗം. 70 വർഷം മുമ്പ് കൊലയാളിയായ ഹിറ്റ്‌ലറെ മാനവികതയുടെ സഖ്യം തടഞ്ഞതുപോലെ നെതന്യാഹുവിനെയും അയാളുടെ കൊലപാതക സംഘത്തെയും തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഉർദുഗാൻ ആവശ്യപ്പെട്ടു.

കുട്ടികളുടെയും സ്ത്രീകളുടെയും ലോകത്തെ ഏറ്റവും വലിയ ശ്മശാനമായി ഫലസ്തീനെ ഇസ്രായേൽ മാറ്റുകയാണ്. യുഎൻ സംവിധാനം കൂടിയാണ് ഗസ്സയിൽ മരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന മൂല്യങ്ങൾ ഗസ്സയിൽ മരിച്ചുവീഴുകയാണ്. അവിടെ സത്യം മരിക്കുന്നു. നീതിയുക്തമായ ലോകത്ത് ജീവിക്കാനുള്ള മനുഷ്യരാശിയുടെ പ്രതീക്ഷകളാണ് ഗസ്സയിൽ മരിച്ചുവീഴുന്നതെന്നും ഉർദുഗാൻ പറഞ്ഞു.

ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ഏറ്റവും പ്രാകൃതവും ഹീനവുമായി മാറിയിരിക്കുകയാണെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. ഇതിനെ യുദ്ധമെന്ന് വിളിക്കാനാവില്ല, അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനുഷിക മൂല്യങ്ങളും തകർത്തെറിയുന്ന വംശഹത്യയാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്. നേതാക്കളുടെ അപലപനവും പ്രമേയം പാസാക്കുന്നതും മുറപോലെ നടക്കുന്നുണ്ട്. എന്നാൽ ക്രൂരമായ ആക്രമണം മാത്രമാണ് ബാക്കിയാവുന്നത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന്റെ പേരിൽ ഇതിനെ ഇനിയും ന്യായീകരിക്കാനാവില്ലെന്നും ഖത്തർ അമീർ പറഞ്ഞു. ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ വധത്തെ അപലപിച്ച ശൈഖ് അൽതാനി യുദ്ധം അവസാനിപ്പിക്കാനായി മധ്യസ്ഥശ്രമങ്ങൾ തുടരുമെന്നും അറിയിച്ചു.


ഖത്തർ അമീർ യുഎൻ പൊതുസഭയിൽ സംസാരിക്കുന്നു

യുഎൻ പൊതുസഭയിൽ നിരീക്ഷക അംഗമായി പങ്കെടുക്കുന്ന ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും പ്രതിനിധികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ തന്റെ പ്രസംഗം ആരംഭിച്ചത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേൽ പ്രതികാരം ചെയ്യാനുള്ള അവകാശമായി മാറ്റിയിരിക്കുകയാണെന്ന് ലുല പറഞ്ഞു. യെമൻ, സുഡാൻ, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ സമാധാനം കൊണ്ടുവരണമെന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സ മരിക്കുമ്പോൾ മനുഷ്യത്വമാണ് മരിക്കുന്നതെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ഏറ്റവും ശക്തരായ രാഷ്ട്രങ്ങളുടെ ശബ്ദം മാത്രമാണ് ലോക വേദികളിൽ കേൾക്കുന്നത്. ഗസ്സയിലുടനീളം ബോംബ് വർഷിക്കുന്ന ക്രിമിനലാണ് ബെഞ്ചമിൻ നെതന്യാഹുവെന്നും പെട്രോ പറഞ്ഞു.


കൊളംബിയൻ പ്രസിഡന്റ് ​ഗുസ്താവോ പെട്രോ യുഎന്നിൽ സംസാരിക്കുന്നു

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാത്രമാണ് ഇസ്രായേലിനെ പിന്തുണച്ചത്. സ്വയം പ്രതിരോധത്തിനായി തങ്ങൾക്കെതിരായ ഭീഷണി പൂർണമായി ഇല്ലാതാക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ നരകജീവിതത്തിലൂടെ കടന്നുപോകുന്നത്. ഗസ്സയിലെ സാധാരണക്കാരായ ജനങ്ങൾക്കും നരകജീവിതമാണ്. വെസ്റ്റ് ബാങ്കിൽ നിരപരാധികൾ ആക്രമിക്കപ്പെടുന്നതും നമ്മൾ കാണേണ്ടതുണ്ട്. നല്ല ഭാവിക്കായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News