ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് നേതാവ് ഉസാമ അൽ മുസൈനി കൊല്ലപ്പെട്ടു
രണ്ട് ദിവസം മുൻപ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിനും ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അൽ ശൻത്വിയും കൊല്ലപ്പെട്ടിരുന്നു
ഗസ്സ സിറ്റി: ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് നേതാവ് ഉസാമ അൽ മുസൈനി കൊല്ലപ്പെട്ടു. ഇതിനുമുൻപ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിനും ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അൽ ശൻത്വിയും കൊല്ലപ്പെട്ടിരുന്നു. അതിനിടെ ഗസ്സ സിറ്റിയിൽ ഇനി അവശേഷിക്കുന്നവരെ മുഴുവൻ തീവ്രവാദികളായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.
ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഇതുവരെ 5500 കെട്ടിടങ്ങളാാണ് തകർന്നത് . ഇവയിൽ 14,000 പാർപ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സർക്കാർ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയിൽ 19 എണ്ണം പൂർണമായും തകർന്ന സ്ഥിതിയിലാണ്.
അതേ സമയം സൈപ്രസിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളിയതായി ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കി.
അതേ സമയം ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിർത്തി തുറന്നു. എന്നാൽ ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കില്ലെന്ന് ഇസ്രായേൽ പറഞ്ഞു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിർത്തി കടന്നു. കൂടുതൽ ട്രക്കുകൾ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി ഇരുപത് ട്രക്കുകൾ ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. ദിവസങ്ങളായി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് ഇരുപത് ട്രക്കുകൾ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീർണമാണ്. അതേസമയം, റഫാ അതിർത്തിയിലൂടെ ഗസ്സയിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
അതേസമയം, ഗസ്സക്ക് ഉടൻ ഇന്ധനം കൈമാറണമെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോൾ വന്ന ട്രക്ക് ഉത്പന്നങ്ങൾ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകൾ പറഞ്ഞു.
അൽഅഹ്ലി ആശുപത്രിക്കു പിന്നാലെ ഗസ്സയിൽ വീണ്ടും ആശുപത്രികളെ ലക്ഷ്യമിട്ടിരിക്കുകയാണ് ഇസ്രായേൽ. ഗസ്സ മുനമ്പിലെ അൽഖുദുസ് ആശുപത്രി ആക്രമിക്കുമെന്ന് ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയതായി വെളിപ്പെടുത്തൽ. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി(പി.ആർ.സി.എസ്) ആണു വിവരം പുറത്തുവിട്ടത്.
അൽഖുദുസ് ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേൽ അന്ത്യശാസനം നൽകിയിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിൽ ഭവനരഹിതരായ 12,000ത്തോളം പേർ ഇവിടെ കഴിയുന്നുണ്ട്. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ജീവൻ അപകടത്തിലാണെന്ന് പി.ആർ.സി.എസ് സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.