ഫലസ്തീനിയുടെ ദേഹത്ത് ബുൾഡോസർ കയറ്റിയിറക്കി ഇസ്രായേൽ സൈന്യം, കൊടും ക്രൂരത

ഇസ്രായേൽ നിർണയിച്ച സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ച സാധാരണക്കാരന്റെ ദേഹത്തിലൂടെയാണ് ബുൾഡോസർ കയറ്റിയിറക്കിയതെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ മെഡിറ്ററേനിയൻ മോണിറ്റർ

Update: 2023-11-12 03:18 GMT
Advertising

അമേരിക്കൻ ആക്ടിവിസ്റ്റ്‌ റേച്ചൽ കോറിയെ ചതച്ചരച്ചു കൊന്ന ഇസ്രായേൽ വീണ്ടും ബുൾഡോസർ ക്രൂരത പുറത്തെടുത്തു. ഗസ്സയിലെ സാധാരണക്കാരനാണ് ഇക്കുറി ഇസ്രായേൽ കാപാലികതയ്ക്ക് ഇരയായത്. സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ചയാളെ വെടിവെച്ചിട്ട ശേഷം സൈനിക വാഹനം കയറ്റിയിറക്കിയതായാണ് വിവരം. ഫലസ്തീനിയുടെ ദേഹത്ത് ഇസ്രായേൽ സൈനികർ തങ്ങളുടെ സായുധ ബുൾഡോസർ കയറ്റിയിറക്കുന്ന വീഡിയോ ഫലസ്തീൻ വാർത്താ ഏജൻസിയായ ഖുദ്‌സ് ന്യൂസ്‌ നെറ്റ്‌വർക്ക് തങ്ങളുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചു. ഇസ്രായേൽ മാധ്യമങ്ങളാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നും വാർത്താ ഏജൻസി അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ നിർണായക വിവരങ്ങൾ പങ്കുവെക്കുന്ന ജാക്‌സൺ ഹിൻക്ലെയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗസ്സയിൽ ഇസ്രായേൽ നിർണയിച്ച സുരക്ഷിത ഇടനാഴിയിലൂടെ തെക്കൻ ഗസ്സയിലേക്ക് സഞ്ചരിച്ച സാധാരണക്കാരന്റെ ദേഹത്തിലൂടെയാണ് ബുൾഡോസർ കയറ്റിയിറക്കിയതെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ മെഡിറ്ററേനിയൻ മോണിറ്റർ. ഓർഗ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുരക്ഷിത ഇടനാഴിയായി പ്രഖ്യാപിച്ച ഗസ്സ മുനമ്പിലെ പ്രധാന റോഡായ സലാഹദ്ദീൻ സ്ട്രീറ്റിലൂടെ നീങ്ങിയയാളെയാണ് വെടിവെക്കുകയും തുടർന്ന് സൈനിക വാഹനം കയറ്റിക്കൊല്ലുകയുമായിരുന്നുവെന്ന് തങ്ങളുടെ അന്വേഷണ സംഘം കണ്ടെത്തിയതായും മനുഷ്യാവകാശ സംഘടന പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം നിരവധി ക്രൂരതകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹം വികൃതമാക്കുക, വലിച്ചിഴക്കുക, മേൽ മൂത്രമൊഴിക്കുക, കൈകാലുകൾ വെട്ടിയെടുക്കുക, ഇത്തരം ക്രൂരതകൾ വീഡിയോയിൽ പകർത്തുക എന്നിവയൊക്കെ നടന്നതായും റിപ്പോർട്ടിൽ പറഞ്ഞു.

2003 മാർച്ച് 16നാണ് അമേരിക്കൻ വനിതയായ റേച്ചൽ കോറി കൊല്ലപ്പെട്ടത്. റാഫയിലെ ഫലസ്തീനിയുടെ വീട് തകർക്കാനെത്തിയ ഇസ്രായേലി ബുൾഡോസറിന് മുമ്പിൽ പ്രതിഷേധവുമായി നിന്നതിനാണ് ഈ 23 കാരിയെ അവർ കൊന്നത്. ഓറഞ്ച് വസ്ത്രം ധരിച്ച്, മെഗാഫോണിലൂടെ വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ബുൾഡോസർ കയറ്റിയിറക്കുകയായിരുന്നു ഇസ്രായേലി സൈന്യം. മരണം ഒരു അപകടമാണെന്നായിരുന്നു ഇസ്രായേലി ഭാഷ്യം.

ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന അധിനിവേശത്തിൽ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്യുന്നവരിലേറെയും സാധാരണക്കാരാണ്. ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾക്കും അൽ ശിഫ ആശുപത്രിയടക്കമുള്ളവക്കുമെതിരെയാണ് അവർ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയടക്കമുള്ളവയുടെ വൈദ്യുതി ബന്ധം തകർത്തിരിക്കുകയാണ്. തുടർന്ന് നവജാത ശിശു ഐസിയുവും ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനരഹിതമായി. ഇതോടെ നിരവധി നവജാത ശിശുക്കൾ കൊല്ലപ്പെട്ടു. വളർച്ചയെത്താതെ ജനിച്ച 37 കുഞ്ഞുങ്ങളാണ് നിലവിൽ അൽ ശിഫയിലെ ഐസിയുവിലുള്ളത്.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 11,100 കടന്നു. ഇവരിൽ എണ്ണായിരം പേർ കുട്ടികളും സ്ത്രീകളുമാണ്. അതിനിടെ, തങ്ങളുടെ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 43 ആയി.

Israeli forces drive bulldozers over Palestinian civilian

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News