സാക്ഷി വിവരണങ്ങൾ, വീഡിയോകൾ, ലേഖനങ്ങൾ, ഫോട്ടോകൾ: ഗസ്സ വംശഹത്യയുടെ ഞെട്ടിക്കുന്ന തെളിവുകളുമായി ഇസ്രായേലി ചരിത്രകാരൻ
വടക്കൻ ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങൾ, അമേരിക്കൻ കാമ്പസുകളിലെ പ്രക്ഷോഭം, ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലി, പാശ്ചാത്യ മാധ്യമങ്ങളുടെ അജണ്ട തുടങ്ങി നിരവധി വിഷയങ്ങൾ ലീ മൊർദെചായി റിപ്പോർട്ടിൽ വിശദമായി പരിശോധിക്കുന്നു

ലീ മൊർദെചായി

ഗസ്സ സിറ്റി: "സാധ്യമായത്ര ഫലസ്തീനികളെ ഇല്ലാതാക്കികൊണ്ട്, ഗസ്സ മുനമ്പിനെ പൂർണ്ണമായോ ഭാഗികമായോ വംശീയമായി ശുദ്ധീകരിക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ഞാൻ കണ്ടതും കേട്ടതും ശേഖരിച്ചതുമായ അനവധി തെളിവുകൾ വ്യക്തമാക്കുന്നു. ഗസ്സയിലെ ജനതക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് വിശ്വസിക്കാൻ എനിക്ക് ഈ തെളിവുകൾ തന്നെ ധാരാളമാണ്,"
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിഭീകരമായ വംശഹത്യയെകുറിച്ച് ഇസ്രായേലി ചരിത്രകാരനും എഴുത്തുകാരനുമായ ലീ മൊർദെചായി പറഞ്ഞ വാക്കുകളാണിവ. വെറുതെ പറയുക മാത്രമല്ല, കഴിഞ്ഞ വർഷം മുതൽ ഇസ്രായേൽ ഗസ്സയിലെ മനുഷ്യരോട് ചെയ്തിട്ടുള്ള സകല അനീതികളും വ്യക്തമാക്കുന്ന, അതിനുള്ള തെളിവുകൾ ഉൾകൊള്ളുന്ന ഒരു റിപ്പോർട്ടും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ‘Bearing Witness to the Israel-Gaza War’ എന്ന പേരിൽ ഹീബ്രു ഭാഷയിൽ പുറത്തിറക്കിയ റിപ്പോർട്ട് ഇസ്രായേലിന്റെ കൊടും ക്രൂരതകൾക്ക് നേരെ പിടിച്ച കണ്ണാടിയാണെന്ന് പറയാം.
ജറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസറാണ് ലീ മൊർദെചായി. ദൃക്‌സാക്ഷി വിവരണങ്ങൾ, വീഡിയോ ഫൂട്ടേജുകൾ, കണ്ടെത്തലുകൾ, ലേഖനങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് തെളിവുകൾ അദ്ദേഹത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്ത് വന്നിട്ടുണ്ട്. വടക്കൻ ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങൾ, അമേരിക്കൻ കാമ്പസുകളിലെ പ്രക്ഷോഭം, ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലി, പാശ്ചാത്യ മാധ്യമങ്ങളുടെ അജണ്ട തുടങ്ങി നിരവധി വിഷയങ്ങൾ ലീ മൊർദെചായി റിപ്പോർട്ടിൽ വിശദമായി പരിശോധിക്കുന്നു.
കൊല്ലപ്പെട്ട ഗസ്സ നിവാസിയുടെ മൃതദേഹം നായ കടിച്ചുകീറുന്ന ഒരു ഐഡിഎഫ് സൈനികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, സ്ത്രീ തടവുകാരെ പുരുഷന്മാരുടെ തടവറയിൽ നഗ്‌നയായി പാർപ്പിച്ചതിന്റെ അനുഭവങ്ങൾ, തടവിലാക്കിയ ഡോക്ടർമാരെ ചങ്ങലക്കിട്ട് നായയെ പോലെ ഭക്ഷണം കഴിപ്പിച്ചതിന്റെ ദൃസാക്ഷി വിവരങ്ങൾ തുടങ്ങി റിപ്പോർട്ട് വെളിപ്പെടുത്തുന്ന ക്രൂരതകൾ വളരെ വലുതാണ്.
ഗസ്സയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾക്കുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്രായേലി മാധ്യമങ്ങൾക്കൊപ്പം യുഎസ്, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേത് അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളും ഈ വംശഹത്യയിൽ പങ്കുവഹിച്ചിട്ടുണ്ട്. ഒക്‌ടോബർ 7 ആക്രമണത്തിൻ്റെ ഭീകരതക്ക് മാത്രം പ്രാധാന്യം നൽകി, വിശ്വസനീയവും അല്ലാത്തതുമായ വിവരങ്ങൾ പടച്ചു വിട്ട്, ഗസ്സയിൽ നിന്നുള്ള പരിമിതമായ വിവരങ്ങൾ മാത്രം പുറത്തെത്തിച്ച്,വിമർശനങ്ങളെ ഇല്ലാതാക്കി ഇസ്രായേൽ ഒരു വിവര പ്രചാരണം തന്നെ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. തൽഫലമായി ഇസ്രായേലി മാധ്യമങ്ങളും മാറ്റ് പാശ്ചാത്യ മാധ്യമങ്ങളും വംശഹത്യക്ക് അനുകൂലമായി, ഇസ്രായേലിനൊപ്പം നിലകൊണ്ടു. അമേരിക്കയുടെ അചഞ്ചലമായ പിന്തുണ എപ്പോഴും ഇസ്രായേലിന് ഒപ്പം ഉണ്ടായിരുന്നു താനും. വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഫലസ്തീനിലെ ഇസ്രായേൽ ക്രൂരതകളോടുള്ള അമേരിക്കൻ നയം ഒരിക്കലും മാറിയിട്ടില്ല.
ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിനോടൊപ്പം ഗസ്സ മുനമ്പ് ഇനി ഒരിക്കലും വാസയോഗ്യമായിരിക്കരുതെന്ന് ഇസ്രായേൽ സൈന്യം ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. ഒക്‌ടോബർ 7-ന് ശേഷമുള്ള ആദ്യ ആഴ്ചയിൽ 6,000 ബോംബുകൾ ഇസ്രായേൽ ഗസ്സയിൽ വർഷിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അഫ്ഗാനിൽ അമേരിക്ക ഉപയോഗിച്ച വാർഷിക എണ്ണം ബോംബുകളുടെ എണ്ണമാണിത്. യുദ്ധത്തിൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഇസ്രായേൽ മുനമ്പിലെ പതിനായിരത്തിലധികം കെട്ടിടങ്ങൾ നശിപ്പിച്ചിരുന്നു. മൂന്ന് വർഷം നീണ്ട പോരാട്ടത്തിന് ശേഷം സിറിയയിലെ അലെപ്പോയിൽ തകർന്നടിഞ്ഞത് 4700 കെട്ടിടങ്ങളായിരുന്നു.
അങ്ങനെ,ഗസ്സയിലെ ഞെട്ടിക്കുന്ന ഇസ്രായേൽ ക്രൂരതകളുടെ ഇതുവരെയും പുറത്തുവരാത്ത തെളിവുകളും വിവരങ്ങളും ലോകത്തിന് മുൻപിൽ എത്തിക്കുകയാണ് മൊർദെചായിയുടെ റിപ്പോർട്ട്.