മുളകുസ്പ്രേ തളിച്ചു, വളഞ്ഞിട്ടു മർദിച്ചു, തട്ടം അഴിപ്പിച്ചു; ഫലസ്തീൻ മാധ്യമപ്രവർത്തകയ്ക്കുനേരെ ഇസ്രായേൽ പൊലീസിന്റെ അഴിഞ്ഞാട്ടം

കിഴക്കൻ ജറൂസലമിൽ ദേശീയ പണിമുടക്ക് റിപ്പോർട്ട് ചെയ്യാനെത്തിയ മിഡിലീസ്റ്റ് ഐ റിപ്പോർട്ടർ ലത്തീഫ അബ്ദുൽ ലത്തീഫിനുനേരെയായിരുന്നു ഇസ്രായേൽ പൊലീസിന്റെ അതിക്രമം

Update: 2021-05-18 17:14 GMT
Editor : Shaheer | By : Web Desk
Advertising

ജറൂസലമിൽ ഇസ്രായേൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന ഫലസ്തീൻ മാധ്യമപ്രവർത്തകയെ കൈയേറ്റം ചെയ്ത് ഇസ്രായേൽ പൊലീസ്. മിഡിലീസ്റ്റ് ഐ റിപ്പോർട്ടറായ ലത്തീഫ അബ്ദുൽ ലത്തീഫിനുനേരെയാണ് ഇസ്രായേൽ അതിക്രമം. ലത്തീഫയെ വളഞ്ഞിട്ടു മർദിക്കുകയും മുളകുസ്പ്രേ തളിക്കുകയും ചെയ്ത പൊലീസ് തട്ടം പിടിച്ച് ഊരുകയും ചെയ്തു.

ഇന്ന് കിഴക്കൻ ജറൂസലമിൽ ദേശീയ പണിമുടക്ക് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ലത്തീഫ. ഓൾഡ് സിറ്റിയിലുള്ള ദമാസ്‌ക്കസ് ഗെയ്റ്റിനടുത്ത് ഇസ്രായേൽ നരഹത്യയിൽ പ്രതിഷേധവുമായി നൂറുകണക്കിനു ഫലസ്തീനികൾ തടിച്ചുകൂടിയിരുന്നു. ഇതിനിടയിൽ പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന ഒരു ഫലസ്തീൻ കൗമാരക്കാരനെ ഇസ്രായേൽ പിടിച്ചുകൊണ്ടുപോകുന്നത് ക്യാമറയിൽ പകർത്തുന്നതിനിടെയായിരുന്നു കൈയേറ്റം.

കുട്ടിയെ അറസ്റ്റ് ചെയ്യുന്നതു തടയാൻ പിതാവും മറ്റു സമരക്കാരും ശ്രമിച്ചു. ഇതിനിടെ പൊലിസും പ്രതിഷേധക്കാരും തമ്മിൽ സംഘട്ടനമുണ്ടായി. ഇതെല്ലാം കാമറയിൽ പകർത്തുകയായിരുന്ന ലത്തീഫിനുനേരെ പാഞ്ഞടുത്ത പൊലീസ് അവർക്കുനേരെ മുളകുസ്പ്രേ അടിച്ചു. തുടർന്ന് തോക്ക് ഉപയോഗിച്ചും വടികൊണ്ടും പൊതിരെ തല്ലുകയും തട്ടം അഴിപ്പിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകയാണെന്നു വ്യക്തമായിട്ടും പൊലീസ് അതിക്രമം തുടരുകയായിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News