‘തടവുകാരെ കൈമാറണം, യുദ്ധം അവസാനിപ്പിക്കണം’; സർക്കാരിന് വീണ്ടും കത്ത് നൽകി ഇസ്രായേലി സൈനികർ
കത്തിൽ ഒപ്പിടുന്ന സൈനികരെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു


ജെറുസലേം: തടവുകാരുടെ കൈമാറ്റം വേഗത്തിലാക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകി ഇസ്രായേലി സൈനികർ. സൈന്യത്തിലെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളതെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്ററായ കെഎഎൻ റിപ്പോർട്ട് ചെയ്യുന്നു.
രഹസ്യാന്വേഷണ വിഭാഗം 8200, സ്പെഷൽ ഫോഴ്സ്, ഉന്നത വിഭാഗമായ സയെരെത് മത്കൽ, ഷയെറ്റെറ്റ്, ഷൽദാഗ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഒപ്പിട്ടവിൽ 30 ശതമാനത്തോളം പേർ സജീവ റിസർവ് സൈനികരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ആറ് കത്തുകൾ വിവിധ സൈനിക യൂനിറ്റുകൾ സർക്കാർ മുമ്പാകെ നൽകിയിട്ടുണ്ട്. 1000 എയർ ഫോഴ്സ് ഉദ്യോഗസ്ഥരും 1000 അക്കാദമിക് വിദഗ്ധരും ചേർന്നാണ് ആദ്യമായി കത്ത് നൽകുന്നത്. രണ്ടാമത്തേത് നൂറുകണക്കിന് കവചിത സേനാംഗങ്ങളും നാവികസേനാ ഉദ്യോഗസ്ഥരും ഒപ്പിട്ട കത്തായിരുന്നു. മൂന്നാമത്തേത് നൂറുകണക്കിന് റിസർവ് സൈനിക ഡോക്ടർമാരുടേതാണ്. സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം 8200ലെ അംഗങ്ങൾ മുമ്പും കത്ത് നൽകിയിട്ടുണ്ട്.
കത്തിൽ ഒപ്പിടുന്ന സൈനികരെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് ശേഷവും നിരവധി കത്തുകളാണ് സർക്കാർ മുമ്പാകെ നൽകിയിട്ടുള്ളത്.