'റഫയിൽ ആംബുലൻസ് ആക്രമിച്ചത് ആരോഗ്യപ്രവർത്തകരെന്ന് അറിഞ്ഞുകൊണ്ട്'; ഇസ്രായേലിന്റെ വാദം പൊളിയുന്നു
ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു


ഗസ്സ സിറ്റി: തെക്കൻ ഗസ്സയിൽ 15 ആരോഗ്യപ്രവർത്തകരെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഇസ്രായേലിന്റെ വാദങ്ങൾ പൊളിയുന്നു. ആരോഗ്യപ്രവർത്തകരാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ടാണ് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് നേരെ ആക്രമണം നടന്നതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
മാർച്ച് 23ന് പുലർച്ചെ തെക്കൻ ഗസയിലെ റഫയ്ക്ക് സമീപത്തുവെച്ചാണ് റഡ്ക്രസന്റിന്റെ ആരോഗ്യപ്രവർത്തകരടങ്ങിയ സംഘം അക്രമിക്കപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് വെടിവെച്ചു എന്നായിരുന്നു ഇസ്രായേൽ നിലപാട്. എന്നാൽ ഇക്കാര്യങ്ങൾ പൂർണമായി തെറ്റാണെന്ന് തെളിയിക്കുയാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
ഫലസ്തീൻ റഡ്ക്രസന്റിന്റെ ആംബുലൻസും യുഎൻ കാറും, ഫയർ ട്രക്കുമടങ്ങിയ സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. വാഹനങ്ങളിൽ ഒന്നിലുണ്ടായിരുന്ന പാരാമെഡിക്കൽ സ്റ്റാഫ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ന്യൂയോർക്ക് ടൈംസാണ് പുറത്തുവിട്ടത്. ആരോഗ്യപ്രവർത്തകരാണെന്ന് കൃത്യമായി തിരിച്ചറിയാനുള്ള സൂചനകൾ വാഹനവ്യൂഹത്തിലുണ്ടായിരുന്നുവന്ന് ദൃശ്യങ്ങളിൽ തെളിയുന്നുണ്ട്. ഇതൊക്കെ അവഗണിച്ചാണ് ഇസ്രായേൽ സൈന്യം വെടിയുതിർത്തത്.
അക്രമത്തിന് ശേഷം മൃതദേഹവും വാഹനങ്ങളും കുഴിച്ചുമൂടി. ദിവസങ്ങൾക്ക് ശേഷം മൃതദേഹവും വാഹനങ്ങളും കണ്ടെത്തിയതിനിടെയാണ് സംഭവം ചിത്രീകരിച്ച മൊബൈൽ ഫോണും അധികൃതർക്ക് ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് റെഡ് ക്രസന്റ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
അഗ്നിശമന സേനയുടെ ഒരു വാഹനത്തിനൊപ്പം ആംബുലന്‍സുകള്‍ പോവുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹെഡ് ലൈറ്റുകളും എമര്‍ജന്‍സി ലൈറ്റുകളുമിട്ടാണ് ഈ വാഹനങ്ങള്‍ പോവുന്നത്. ഈ വാഹനങ്ങളെയാണ് ഇസ്രായേൽ സൈന്യം ആക്രമിച്ചത്.
2023 ഒക്ടോബർ ഏഴ് മുതൽ ഇതുവരെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,647 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 300ലേറെ പേർക്ക് ഏറ്റവുമൊടുവിൽ പരിക്കേറ്റു. ആകെ പരിക്കേറ്റവരുടെ എണ്ണം 1,15,063 ആയെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.