ക്രിസ്ത്യൻ പള്ളിയിലെ ആക്രമണം: ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഇറ്റലി
ഗസ്സ സിറ്റിയിലെ കത്തോലിക്കാ പള്ളിയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു
റോം: ഗസ്സ സിറ്റിയിലെ ക്രിസ്ത്യൻ പള്ളിക്കുനേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി ഇറ്റലി. വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയാണ് വിമർശനവുമായി രംഗത്തെത്തിയത്. ക്രിസ്ത്യൻ പള്ളിക്കുനേരെയുള്ള ആക്രമണം ഹമാസിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
''ഇസ്രായേൽ സൈനികർ ചർച്ചിനുനേരെ നടത്തിയ ആക്രമണത്തിൽ രണ്ടു സ്ത്രീകളാണു കൊല്ലപ്പെട്ടത്. ഇതും ഹമാസിനെതിരെയുള്ള യുദ്ധവും തമ്മിൽ ഒരു ബന്ധവുമില്ല. ഭീകരവാദികൾ ക്രിസ്ത്യൻ പള്ളിക്കകത്തല്ല ഒളിവിൽ കഴിയുന്നത്''-അന്റോണിയോ തജാനി വ്യക്തമാക്കി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ ഇറ്റാലിയൻ ഭരണകൂടം പിന്തുണയ്ക്കുന്നുണ്ട്. ഹമാസിനെതിരെ അന്റോണിയോ തജാനി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. നിരായുധരായ സിവിലിന്മാർക്കെതിരായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി തജാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേലിന്റെ തിരിച്ചടിയും ആനുപാതികമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാർക്കുനേരെ ആക്രമണമുണ്ടാകരുതെന്നായിരുന്നു ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഗസ്സ സിറ്റിയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയുടെ മുറ്റത്ത് ഇസ്രായേൽ ആക്രമണമുണ്ടായത്. ഗസ്സ സ്വദേശികളായ നഹീദ എന്ന വയോധികയും മകൾ സമറുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജറൂസലമിലെ ലത്തീൻ പാത്രിയാർക്കീസ് പുറത്തുവിട്ട വാർത്തയിൽ ഫ്രാൻസിസ് മാർപാപ്പ നടുക്കം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Summary: Italy criticises Israel for killing women at Gaza church